വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി തുടങ്ങി, അസംബന്ധങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് വിതുമ്പി പി.കെ. ശ്രീമതി

 
sree

തിരുവനന്തപുരം: തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അസംബന്ധമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ പി.കെ. ശ്രീമതി. വാർത്താ സമ്മേളനത്തിനിടയിൽ വിതുമ്പിക്കൊണ്ടാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ഏതോ എം.എൽ.എയുടെ ഭാര്യയായി നടിച്ച് നിയമസഭയിൽ നിന്ന് പെൻഷൻ വാങ്ങുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് യൂട്യൂബ് ചാനലുകൾ ഉൾപ്പെടെയുള്ളവ വഴി നടക്കുന്നത്. കുടുംബത്തിനെതിരെ പോലും ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നതായി അവർ കുറ്റപ്പെടുത്തി.

ഏറെ നാളായി ഇത്തരം വൃത്തികെട്ട പ്രചാരണങ്ങൾ തുടരുന്നുണ്ടെന്നും, താൻ 'തീവ്രത' എന്ന വാക്ക് ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്നും പി.കെ. ശ്രീമതി വ്യക്തമാക്കി. യൂട്യൂബ് ചാനലുകളെ ഉപയോഗിച്ച് നടത്തുന്ന ഇത്തരം നീക്കങ്ങൾ അതിരുകടന്നതാണെന്നും സ്ത്രീയോട് എന്നല്ല ആരോടും ഇത്തരത്തിൽ പെരുമാറാൻ പാടില്ലെന്നും അവർ ആവശ്യപ്പെട്ടു.

സമൂഹത്തിനുമുന്നിൽ തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വ്യാജ പ്രചാരണങ്ങൾ നടക്കുന്നത്. എന്നാൽ മുഖ്യധാരാ മാധ്യമങ്ങൾ ആരും തന്നെ ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കുകയോ ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകൾക്കും മാധ്യമങ്ങൾക്കും എതിരെ ഇതിനോടകം തന്നെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും പി.കെ. ശ്രീമതി അറിയിച്ചു.

Tags

Share this story

From Around the Web