ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: പ്രതിഷേധം കടുപ്പിക്കാന്‍ ഇടത് വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍,സുപ്രിംകോടതിയിലേക്ക് ഇന്ന് പ്രതിപക്ഷ എംപിമാരുടെ മാര്‍ച്ച്
ഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധം കടുപ്പിക്കാന്‍ ഇടത് വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍. കൊണാട്ട് പ്ലേസ് കേന്ദ്രീകരിച്ച് ആയിരിക്കും പ്രതിഷേധങ്ങള്‍ നടക്കുക. സുപ്രിംകോടതിയിലേക്ക് ഇന്ന് പ്രതിപക്ഷ എംപിമാര്‍ മാര്‍ച്ച് നടത്തും. ഇന്ത്യ സഖ്യത്തിലെ നേതാക്കള്‍ക്ക് കൂടിക്കാഴ്ച്ചയ്ക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അനുമതി നിഷേധിച്ചു.
തിരഞ്ഞെടുപ്പ് ക്രമക്കേടുകളുമായി ബന്ധപ്പെട്ടതും ഗ്യാനേഷ് കുമാറിന് എതിരായ ഹര്‍ജികളും ചീഫ് ജസ്റ്റിസിന് മുന്‍പാകെ പരിഗണനയ്ക്ക് ഇരിക്കുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ച അനുചിതമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. അനുമതി നിഷേധിച്ചെങ്കിലും സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. എല്ലാ എംപിമാരോടും ഉച്ചയ്ക്ക് ഒരു മണിക്ക് മുന്‍പ് ഡല്‍ഹിയിലെത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരെ പൊലീസ് ക്രൂരമായാണ് മര്‍ദിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദനമേറ്റിരുന്നു. എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും നേതാക്കളേയും പൊലീസ് വാഹനത്തിലിട്ട് അതിക്രൂരമായി മര്‍ദ്ദിച്ചു. സമരക്കാരെ അന്യായമായി കസ്റ്റഡിയില്‍ എടുക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി വിധി നില്‍ക്കെയായിരുന്നു ഡല്‍ഹി പൊലീസിന്റെയും കേന്ദ്രസേനയുടെയും നടപടി.