നിക്കരാഗ്വ പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടേഗയും വൈസ് പ്രസിഡന്റ് ഭാര്യ റൊസാരിയോ മുറില്ലോയും നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കത്തോലിക്ക സഭയ്ക്കെതിരായി കടുത്ത ശത്രുത തുടരുന്നതായി റിപ്പോര്‍ട്ട്

മനാഗ്വ/നിക്കരാഗ്വ: നിക്കരാഗ്വ പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടേഗയും വൈസ് പ്രസിഡന്റ് ഭാര്യ റൊസാരിയോ മുറില്ലോയും നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കത്തോലിക്ക സഭയ്ക്കെതിരായി കടുത്ത ശത്രുത തുടരുന്നതായി റിപ്പോര്‍ട്ട്.
സമീപവര്‍ഷങ്ങളില്‍ 16,500-ലധികം മതപരമായ പ്രദക്ഷിണങ്ങളും പ്രവര്‍ത്തനങ്ങളും നിരോധിച്ചിതായും കത്തോലിക്കാ സഭയ്‌ക്കെതിരെ 1,010 ആക്രമണങ്ങള്‍ നടത്തിയതായും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിക്കരാഗ്വയയില്‍ നിന്ന് നാടുകടത്തപ്പെട്ട അഭിഭാഷകയും ഗവേഷകയുമായ മാര്‍ത്ത പട്രീഷ്യ മോളിനയുടെ സ്പാനിഷ് ഭാഷാ റിപ്പോര്‍ട്ടായ 'നിക്കരാഗ്വ: എ പെര്‍സെക്യുട്ടഡ് ചര്‍ച്ച്' എന്നതിന്റെ ഏഴാം പതിപ്പിലാണ് ഈ സ്ഥിതിവിവരക്കണക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
2022 മുതല്‍ പ്രദക്ഷിണങ്ങള്‍ക്കുള്ള നിരോധനം ഭരണകൂടം കടുപ്പിച്ചിട്ടുണ്ടെന്നും അതിനുശേഷം സ്വേച്ഛാധിപത്യം രാജ്യത്തുടനീളം അടിച്ചേല്‍പ്പിച്ചിട്ടുണ്ടെന്നും മോളിന വിശദീകരിച്ചു.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ കുറഞ്ഞത് മൂന്നോ നാലോ മടങ്ങ് കൂടുതലായിരിക്കാം യഥാര്‍ത്ഥ സംഭവങ്ങളെന്നും മാര്‍ത്ത പറഞ്ഞു. സാധാരണ ജനങ്ങള്‍ സ്വേച്ഛാധിപത്യ സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ ഭയന്ന് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ മടിക്കുകയാണ്.
രാജ്യത്ത് സ്വതന്ത്രമായ ഒരു മാധ്യമ സാന്നിധ്യം ഇല്ലാത്തതാണ് കത്തോലിക്ക സഭയ്ക്ക് എതിരായി നടക്കുന്ന പല അതിക്രമങ്ങളും പുറത്തുവരാത്തതിന്റെ മറ്റൊരു കാരണം.അടുത്തിടെ ജിനോടെപ്പിലെ ജോസഫിന്‍ സിസ്റ്റേഴ്‌സ് നടത്തുന്ന സെന്റ് ജോസഫ് സ്‌കൂള്‍ കണ്ടുകെട്ടിയത് ഇതിന് ഉദാഹരണമായി മാര്‍ത്ത ചൂണ്ടിക്കാണച്ചു.
13 സര്‍വകലാശാലകളുടെയും വിദ്യാഭ്യാസ/ പരിശീലന കേന്ദ്രങ്ങളുടെയും ഏകപക്ഷീയമായ അടച്ചുപൂട്ടല്‍ മാര്‍ത്ത രേഖപ്പെടുത്തിയിട്ടുണ്ട്. 2025-ല്‍ ഇതുവരെ, 24 മാധ്യമ സ്ഥാപനങ്ങളും 75 എന്‍ജിഒകളും ഏകപക്ഷീയമായി അടച്ചുപൂട്ടി.
36 സ്വത്തുക്കള്‍ കണ്ടുകെട്ടി. വൈദികരും ബിഷപ്പുമാരും നിരന്തരം നിരീക്ഷണത്തിലാണെന്നും വൈദികരുടെയ യോഗങ്ങളെല്ലാം സര്‍ക്കാര്‍ നിരീക്ഷണത്തില്‍ മാത്രമാണിപ്പോള്‍ നടക്കുന്നതെന്നും മാര്‍ത്ത വ്യക്തമാക്കി. വത്തിക്കാനും സാന്‍ഡിനിസ്റ്റ സ്വേച്ഛാധിപത്യഗവണ്‍മെന്റും തമ്മില്‍ നിലവില്‍ യാതൊരു സമ്പര്‍ക്കുവുമില്ലാത്തതിനാല്‍ ആ വഴിക്കും ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുകയാണ്.
വിവരങ്ങള്‍ നല്‍കിയ ആളുകള്‍ ഭയപ്പെടുന്നത് നിമിത്തം ആക്രമണങ്ങളുടെ പല വാര്‍ത്തകളും തനിക്ക് പ്രസിദ്ധീകരിക്കാന്‍ സാധിക്കില്ലെന്നും മാര്‍ത്ത വ്യക്തമാക്കി.