ആക്രമണങ്ങൾക്കിടയിലും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി ലെബനനിലെ കുഞ്ഞുങ്ങൾ

 
3333

അതിർത്തിയിലെ കടുത്ത യുദ്ധത്തിനും റോക്കറ്റ് ആക്രമണങ്ങൾക്കുമിടയിലും വിശ്വാസവും പ്രത്യാശയും മുറുകെപ്പിടിച്ച് തെക്കൻ ലെബനനിലെ റമൈഷ് ഗ്രാമത്തിൽ അമ്പതിലധികം കുട്ടികൾ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി. ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടലുകൾ കടുത്ത നാശനഷ്ടം വിതയ്ക്കുന്ന പ്രദേശത്ത് കടുത്ത ഭീതിയുടെ നിഴലിലാണ് കുട്ടികളും കുടുംബങ്ങളും ഈ വിശുദ്ധ ചടങ്ങിൽ പങ്കെടുത്തത്. ​

മെയ് 31 ഞായറാഴ്ച രാവിലെ ആളുകൾ താമസിക്കുന്ന വീടുകൾക്ക് സമീപം മിസൈൽ പതിച്ചിരുന്നതായും വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായതെന്നും റമൈഷ് മുനിസിപ്പാലിറ്റി മേധാവി ഹന്ന അൽ – ആമിൽ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ ഗ്രാമത്തിൽ യാതൊരുവിധ സൈനിക സാന്നിധ്യമോ ആയുധങ്ങളോ ഇല്ലെന്നും സമാധാനപരമായി ജീവിക്കാൻ മാത്രമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​കഴിഞ്ഞ ഒക്ടോബർ മുതൽ യുദ്ധത്തിന്റെ നിഴലിലാണ് തങ്ങൾ ജീവിക്കുന്നതെന്ന് ചടങ്ങിൽ പങ്കെടുത്ത കുട്ടികളുടെ മാതാപിതാക്കൾ പറയുന്നു. സുരക്ഷാ കാരണങ്ങളാൽ ചടങ്ങ് മാറ്റിവെക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇടവക വികാരിയുടെ ഉറച്ച തീരുമാനപ്രകാരമാണ് ചടങ്ങുകൾ നടത്തിയത്.

മുൻവർഷങ്ങളിലെപ്പോലെ വലിയ ആഘോഷങ്ങളോ ഒത്തുചേരലുകളോ ഇല്ലാതെ തികച്ചും ലളിതമായാണ് വീടുകളിൽ ചടങ്ങുകൾ പൂർത്തിയാക്കിയത്. യുദ്ധഭീതി കാരണം പല കുടുംബങ്ങളും ഇതിനകം തന്നെ ബെയ്റൂട്ടിലേക്കും വിദേശങ്ങളിലേക്കും പലായനം ചെയ്തിട്ടുണ്ട്. ​റമൈഷ് കൂടാതെ മാർജായൂൺ തുടങ്ങിയ സമീപത്തെ മറ്റ് ക്രൈസ്തവ ഗ്രാമങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ റോക്കറ്റ് ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഭാവിയെക്കുറിച്ച് കടുത്ത ആശങ്ക നിലനിൽക്കുമ്പോഴും സ്വന്തം മണ്ണിൽ പ്രാർഥനയോടെ അതിജീവിക്കാനാണ് റമൈഷിലെ ജനങ്ങളുടെ തീരുമാനം.

Tags

Share this story

From Around the Web