ലെബനനില്‍ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളുടെ ഫലങ്ങള്‍ അനുഭവിക്കാന്‍ അവിടുത്തെ കുട്ടികള്‍ വിധിക്കപ്പെട്ടിരിക്കുകയാണെന്ന് യൂണിസെഫ്
ലെബനനിലെ കുട്ടികള്‍ അവിടെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളുടെ തിക്തഫലങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്.
ലെബനനുനേരെ നടന്നുവരുന്ന തുടര്‍ച്ചയായ വ്യോമാക്രമണങ്ങള്‍ മൂലം, മാര്‍ച്ച് മൂന്നാം തീയതി മാത്രം രാജ്യത്ത് ഏഴ് കുട്ടികള്‍ കൊല്ലപ്പെട്ടുവെന്നും മുപ്പത്തിയെട്ട് കുട്ടികള്‍ക്ക് പരിക്കേറ്റുവെന്നും മാര്‍ച്ച് നാലാം തീയതി പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ സംഘടന അറിയിച്ചു.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറുകളില്‍ ലെബനനില്‍ അറുപതിനായിരത്തോളം ആളുകള്‍ കുടിയിറങ്ങിയെന്നും, അവരില്‍ പതിനെണ്ണായിരത്തോളം കുട്ടികള്‍ ഉണ്ടെന്നും യൂണിസെഫ് വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുറന്ന മുന്നോറോളം അഭയാര്‍ത്ഥികേന്ദ്രങ്ങളിലാണ് പതീരായിരത്തോളം കുടുംബങ്ങള്‍ അഭയം തേടിയിരിക്കുന്നതെന്നും, പല ക്യാമ്പുകളും ഇപ്പോള്‍ത്തന്നെ നിറഞ്ഞുവെന്നും സംഘടന വിശദീകരിച്ചു.
ഒരു കുട്ടിപോലും കൊല്ലപ്പെടരുതെന്നും, ജീവിതകാലം മുഴുവന്‍ ആക്രമണങ്ങളുടെ ശാരീരികവും മാനസികവുമായ മുറിപ്പാടുകള്‍ കൊണ്ടുനടക്കാന്‍ അവര്‍ നിര്‍ബന്ധിതരാകരുതെന്നും ലെബനനിലേക്കുള്ള യൂണിസെഫ് പ്രതിനിധി മാര്‍ക്കോലൂയീജി കോര്‍സി പ്രസ്താവിച്ചു. ആക്രമണങ്ങള്‍ അവസാനിക്കണമെന്നും കുട്ടികള്‍ എക്കാലവും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലെബനനുനേരെ നടക്കുന്ന തുടര്‍ച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അടിയന്തിരസഹായമെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തങ്ങള്‍ തുടങ്ങിയെന്ന് ശിശുക്ഷേമനിധി തങ്ങളുടെ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
യൂണിസെഫിന്റെ പിന്തുണയോടെ മുപ്പത്തിയേഴ് യൂണിറ്റുകള്‍ പ്രതിരോധമരുന്നുകള്‍ നല്‍കുന്നതിനും, അടിയന്തിര ആരോഗ്യശുശ്രൂഷകള്‍ ഉറപ്പാക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംഘടന അറിയിച്ചു.
അഭയാര്‍ത്ഥിക്യാമ്പുകളില്‍ ആളുകള്‍ക്ക് മാനസികാരോഗ്യസഹായം ഉറപ്പാക്കുന്നതിനാണ് തങ്ങള്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് യൂണിസെഫ് വ്യക്തമാക്കി. നാല്‍പ്പത്തയ്യായിരത്തോളം ദുര്‍ബലകുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും അടിയന്തിര സാമ്പത്തികസഹായമെത്തിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും സംഘടന അറിയിച്ചു.
പത്തുലക്ഷത്തോളം ആളുകള്‍ക്ക് സഹായമേകാനായി അഞ്ചുകോടിയോളം ഡോളറിന്റെ സാമ്പത്തികസഹായം ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ് തങ്ങളെന്നും എന്നാല്‍ ഏതാണ്ട് പതിനാറ് ശതമാനം സാമ്പത്തികശേഖരമേ തങ്ങള്‍ക്ക് സ്വരൂപിക്കാനായിട്ടുള്ളുവെന്നും യൂണിസെഫ് എഴുതി.