കൊച്ചുവേലായുധൻ്റെ സ്വപ്നത്തിന് തറക്കല്ലിട്ടു; സുരേഷ് ഗോപി അപമാനിച്ച വയോധികന് സിപിഐഎം നിർമിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ നടന്നു

അപേക്ഷയുമായി എത്തിയപ്പോൾ കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമാനിച്ച പുള്ള് സ്വദേശി കൊച്ചുവേലായുധൻ്റെ വീടെന്ന സ്വപ്നത്തിന് ചിറകുമുളയ്ക്കുന്നു.
സിപിഐഎം നേതൃത്വത്തിൽ കൊച്ചു വേലായുധന് നിർമ്മിച്ചു നൽകുന്ന വീടിൻറെ തറക്കല്ലിടൽ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ നിർവഹിച്ചു.
പുള്ളിൽ നടന്ന കലുങ്ക് സംവാദത്തിലാണ് വീടിന്റെ അറ്റകുറ്റപ്പണികൾക്ക് സഹായം തേടി കൊച്ചു വേലായുധൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സമീപിച്ചത്.
എന്നാൽ, അപേക്ഷ സ്വീകരിക്കാൻ പോലും കൂട്ടാക്കാതെ കേന്ദ്രമന്ത്രി കൊച്ചു വേലായുധനെ അപമാനിച്ചു.
സുരേഷ് ഗോപി അപമാനിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നപ്പോൾ തന്നെ സിപിഐഎം വീട് നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. സിപിഐഎം ചേർപ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 10 ലക്ഷം രൂപ ചെലവിട്ടാണ് കൊച്ചുവേലായുധന് വീട് നിർമ്മിക്കുന്നത്.
വീടെന്ന സ്വപ്നം പൂവണിയുന്നതിന്റെ സന്തോഷത്തിലാണ് കൊച്ചുവേലായുധനും കുടുംബവും. ഒരു നാടിന്റെ സർഗാത്മക പ്രതിരോധമാണ് ഇതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ പറഞ്ഞു.
തെങ്ങ് വീണു തകർന്ന വീടിന്റെ പഴയ ഭാഗങ്ങൾ പൊളിച്ചു നീക്കിയ സ്ഥലത്താണ് പുതിയ വീട് പണിയുന്നത്.