'ലൗദാത്തോ സി ഗ്രാമം' ലിയോ പതിനാലാമന്‍ പാപ്പാ ഉദ്ഘാടനം ചെയ്യും

വത്തിക്കാന്‍സിറ്റി:സൃഷ്ടിയോടുള്ള കരുതലും, മനുഷ്യന്റെ അന്തസ്സിനോടുള്ള ബഹുമാനവും ഇന്നത്തെ സമൂഹത്തിനു എടുത്തുകാണിക്കുവാനും, പ്രകൃതി സംരക്ഷണത്തിനുള്ള പരിശീലനം നല്‍കുവാനും, പരസ്പര സഹകരണം ഉറപ്പുവരുത്തുവാനും, പ്രവര്‍ത്തനങ്ങള്‍ മുന്‍പോട്ടു കൊണ്ടുപോകുവാനും, വത്തിക്കാന്‍ ഒരുക്കിയിരിക്കുന്ന 'ലൗദാത്തോ സി ഗ്രാമം' ലിയോ പതിനാലാമന്‍ പാപ്പാ സെപ്റ്റംബര്‍ മാസം അഞ്ചാം തീയതി ഉദ്ഘാടനം ചെയ്യും.
നൂറ്റാണ്ടുകളായി പാപ്പാമാരുടെ വേനല്‍ക്കാലവസതിയായ കാസല്‍ ഗന്ധോള്‍ഫോയിലാണ് ഈ ഗ്രാമം ഒരുക്കിയിരിക്കുന്നത്. 'ലൗദാത്തോ സി' എന്ന ഫ്രാന്‍സിസ് പാപ്പായുടെ ചാക്രികലേഖന പ്രസിദ്ധീകരണത്തിന്റെ പത്താമത്തെ വാര്‍ഷികത്തിലാണ് ലേഖനത്തിന്റെ പ്രതിപാദ്യ വിഷയങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ ഗ്രാമത്തിനു തുടക്കം കുറിക്കുന്നത്.
സമൂഹത്തില്‍ ഏറ്റവും ദുര്‍ബലമായവയെ, വിശ്വാസത്തില്‍ വേരുകള്‍ കണ്ടെത്തുന്ന, പങ്കുവയ്ക്കുന്ന പ്രതിബദ്ധതയിലൂടെ സംരക്ഷിക്കാനും, വര്‍ദ്ധിപ്പിക്കാനും കഴിയുന്ന ഒരു സ്ഥലം സൃഷ്ടിക്കുക എന്ന ഫ്രാന്‍സിസ് പാപ്പായുടെ ചിന്തകളില്‍ നിന്നുമാണ്, ഇത്തരമൊരു കേന്ദ്രം രൂപം കൊണ്ടത്.
55 ഹെക്ടര്‍ വിസ്തൃതിയുള്ള ഈ ഗ്രാമത്തില്‍, ചരിത്രപരമായ പൂന്തോട്ടങ്ങള്‍, കൊട്ടാരങ്ങള്‍, സ്മാരകങ്ങള്‍, പുരാവസ്തു അവശിഷ്ടങ്ങള്‍, കാര്‍ഷിക പ്രദേശങ്ങള്‍, ജൈവവും പുനരുജ്ജീവനവുമായ പരിശീലനത്തിനും കൃഷിക്കുമായി സമര്‍പ്പിച്ചിരിക്കുന്ന പുതിയ സ്ഥലങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ആത്മീയതയ്ക്കും, പഠനത്തിനും ഒന്നുപോലെ പ്രയോജനപ്പെടുന്ന ഇടം കൂടിയാണിത്.
സെപ്റ്റംബര്‍ മാസം അഞ്ചാം തീയതി പ്രാദേശിക സമയം ഉച്ചകഴിഞ്ഞു, ലിയോ പതിനാലാമന്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍, ആശീര്‍വാദ ശുശ്രൂഷയും, യാമപ്രാര്‍ത്ഥനയും നടക്കും.
പ്രാര്‍ത്ഥനകള്‍ക്ക് മുന്‍പായി, പാപ്പാ, ഗ്രാമത്തിലേക്ക് സന്ദര്‍ശനം നടത്തുകയും, പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്, ജീവനക്കാര്‍, സഹകാരികള്‍, അവരുടെ കുടുംബങ്ങള്‍, ഈ പദ്ധതിയുടെ പിറവിക്ക് സംഭാവന നല്‍കിയ ആളുകള്‍ എന്നിവരെ അഭിവാദ്യം ചെയ്യും.