ബി ജെ പിയുടെ ക്രൈസ്തവ സ്നേഹം ഇരട്ടത്താപ്പെന്ന് ലത്തീന്‍ സഭ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര

തിരുവനന്തപുരം:മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബി ജെ പിക്കെതിരെ ലത്തീന്‍ സഭ. ബി ജെ പിയുടെ ക്രൈസ്തവ സ്നേഹം ഇരട്ടത്താപ്പെന്ന് ലത്തീന്‍ സഭ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര പറഞ്ഞു. ബി ജെ പിയുടെ ഈ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും ജനങ്ങള്‍ക്ക് വിവേചനബുദ്ധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യസ്നേഹികളായ ആളുകളില്‍ നിന്ന് ഇതിനെതിരായ നടപടികളും പ്രതികരണങ്ങളും ഉണ്ടാകും. രാജ്യത്തിന്റെ ജീവകാരുണ്യ- വിദ്യാഭ്യാസ- ആരോഗ്യ മേഖലകളില്‍ നിസ്വാര്‍ഥമായ സേവനമാണ് മിഷണറിമാര്‍ ചെയ്യുന്നത്. അത്തരം ആളുകള്‍ ഇന്ന് വലിയ പ്രതിബന്ധങ്ങളിലൂടെ കടന്നുപോവുകയാണ്.
പൊലീസിന്റെ സാന്നിധ്യത്തിലാണ് ഛത്തീസ്ഗഢില്‍ സന്യാസിനികളെ പിടികൂടിയത്. എന്നാല്‍, പൊലീസ് ചോദ്യം ചെയ്യുന്നതിന് പകരം ആള്‍ക്കൂട്ട വിചാരണയാണ് നടന്നത്. ഇത് ക്രൂരമാണ്. ആളുകളെ കുറ്റവാളികള്‍ ആക്കുകയും ജയിലില്‍ അടക്കുകയും ചെയ്യുന്ന സമീപനം ശരിയല്ല. ഇതിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരണമെന്നും ഫാ. യൂജിന്‍ പെരേര പറഞ്ഞു.