ലാറ്റിന്‍ അമേരിക്കന്‍ പര്യടനത്തിന് ആരംഭം; ഉറുഗ്വേയില്‍ പാപ്പയ്ക്കു ആവേശകരമായ സ്വീകരണം
മോണ്ടെവീഡിയോ: തെക്കേ അമേരിക്കയിലേക്കുള്ള അപ്പസ്‌തോലിക യാത്രയുടെ ഭാഗമായി ലെയോ പാപ്പ പര്യടനത്തിലെ ആദ്യ രാജ്യമായ ഉറുഗ്വേയിലെത്തി. 38 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഒരു പാപ്പ ഉറുഗ്വേയില്‍ കാലുകുത്തിയത്. ഇന്നലെ നവംബര്‍ 6 വെള്ളിയാഴ്ച ഉറുഗ്വേയിലെത്തിയ പാപ്പയ്ക്കു ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്. ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലുള്ള കാരാസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പാപ്പയെ ഭരണാധികാരികളും സഭാനേതൃത്വവും ചേര്‍ന്ന് സ്വീകരിച്ചു. ഉറുഗ്വേയുടെ ഭാവി കെട്ടിപ്പടുക്കുന്നതില്‍ പൊതുനന്മ, മനുഷ്യന്റെ അന്തസ്സ്, കുടുംബമൂല്യങ്ങള്‍, പരസ്പര സഹകരണം എന്നിവയ്ക്ക് നിര്‍ണായക സ്ഥാനമുണ്ടെന്ന് പാപ്പ രാജ്യത്തു നടത്തിയ ആദ്യ പ്രഭാഷണത്തില്‍ പറഞ്ഞു.
ഉറുഗ്വേ സന്ദര്‍ശിക്കാന്‍ തനിക്ക് ലഭിച്ച ക്ഷണത്തിനും, രാജ്യത്തിന്റെ പ്രസിഡന്റിന്റെ നല്ല വാക്കുകള്‍ക്കും പാപ്പ പ്രത്യേകം നന്ദി പറഞ്ഞു. ഇന്‍ഡിപെന്‍ഡന്‍സ് ചത്വരത്തില്‍ നടന്ന സുദീര്‍ഘമായ തന്റെ പ്രഭാഷണത്തില്‍, ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെയും ഭാവിതലമുറയെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പ പ്രത്യേകം സൂചിപ്പിച്ചു.
അധികാരം ജനങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നത്, ജനങ്ങളോടുള്ള ഉത്തരവാദിത്വമാണ് ഭരണാധികാരികളുടെ കടമ. പൗരന്മാരുടെ സ്വാതന്ത്ര്യം മാനിച്ചും, ഉത്തരവാദിത്വങ്ങള്‍ കൃത്യമായി പാലിക്കാന്‍ സഹായിച്ചുകൊണ്ടും പൊതുനന്മയ്ക്കായി അധികാരം വിനിയോഗിക്കണമെന്ന് രാഷ്ട്രീയനേതൃത്വത്തിന് മുന്‍പില്‍ ലെയോ പതിനാലാമന്‍ പാപ്പ ആഹ്വാനം ചെയ്തു. പാപ്പയുടെ ഉറുഗ്വേ സന്ദര്‍ശനം ഇന്നും തുടരും. നാളെ നവംബര്‍ 8നു യാത്ര തിരിക്കുന്ന പാപ്പ 11 വരെ അര്‍ജന്റീനയില്‍ അപ്പസ്‌തോലിക സന്ദര്‍ശനം നടത്തും. യാത്രയുടെ അവസാന ഘട്ടം നവംബര്‍ 11 മുതല്‍ 17 വരെ പെറുവിലാണ് നടക്കുക.