കഴിഞ്ഞ വര്‍ഷം യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റി ലോകമെമ്പാടും വിതരണം ചെയ്തത് 148.3 മില്യണ്‍ ബൈബിളുകള്‍

 
bible



ലണ്ടന്‍: യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റി കഴിഞ്ഞ വര്‍ഷം ലോകമെമ്പാടുമായി വിതരണം ചെയ്തത് 14.83 കോടിയോളം (148.3 മില്യണ്‍) അച്ചടിച്ച ബൈബിളുകളും അനുബന്ധ സുവിശേഷ ഭാഗങ്ങളും. 


സംഘടനയുടെ സ്ഥാപനത്തിന്റെ 80-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്കിടെയാണ് 'യു.ബി.എസ് ഡിസ്ട്രിബ്യൂഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് 2025' പുറത്തുവിട്ടത്. 


കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തതില്‍ 2.24 കോടി സമ്പൂര്‍ണ്ണ ബൈബിളുകളും ഒരു കോടി പുതിയ നിയമവും 11.59 കോടി വിശുദ്ധ ഗ്രന്ഥത്തിന്റെ വിവിധ ഭാഗങ്ങളും ഉള്‍പ്പെടുന്നു.

മധ്യ-തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലാണ് അച്ചടിച്ച പ്രതികളുടെ വിതരണം ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ളത്. ഏകദേശം 9.85 കോടി കോപ്പിയാണ് ഇവിടെ വിതരണം ചെയ്തത്. ഏഷ്യയിലും ആഫ്രിക്കയിലും ബൈബിളുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നു റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 

സമ്പൂര്‍ണ്ണ ബൈബിള്‍ വിതരണത്തില്‍ സ്പാനിഷ്, പോര്‍ച്ചുഗീസ്, ഇംഗ്ലീഷ്, മന്ദാരിന്‍ (ചൈനീസ്), ഇന്തോനേഷ്യന്‍ എന്നീ ഭാഷകളാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 

ഏറ്റവും കൂടുതല്‍ വിവരണം ചെയ്ത ബൈബിളുകളില്‍ തെലുങ്കു ബൈബിളും ആദ്യ 10 ഭാഷകളില്‍ ഇടം നേടിയിട്ടുണ്ട്.

അച്ചടിച്ച പ്രതികള്‍ക്കൊപ്പം തന്നെ മൊബൈല്‍ ആപ്പുകള്‍ വഴിയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള വിശുദ്ധ ഗ്രന്ഥ വായനയിലും വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ബൈബിള്‍ അധ്യായങ്ങള്‍ ഡിജിറ്റലായി വായിക്കപ്പെട്ടത് 3,220 കോടിയോളം തവണയാണെന്ന് സംഘടന വ്യക്തമാക്കുന്നു.

 കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13.8% വര്‍ദ്ധനവാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. 1946-ല്‍ യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റി സംഘടന രൂപീകരിച്ചതിനുശേഷം ഇതുവരെ 110 കോടി സമ്പൂര്‍ണ്ണ ബൈബിളുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

Tags

Share this story

From Around the Web