ചേരാനല്ലൂര്‍ വാഹനാപകടക്കേസിലെ വീഴ്ച; നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍,എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് നടപടി
തിരുവനന്തപുരം: ചേരാനല്ലൂര്‍ വാഹനാപകട കേസിലെ വീഴ്ചയില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. എസ്എച്ച്ഒ വിശ്വജിത്ത്, സിഐ ശ്യാംകുമാര്‍, ഗ്രേഡ് എസ്ഐ മനോജ്, സിപിഒ അരുണ്‍ ജിത്ത് എന്നിവര്‍ക്കെതിരെയാണ് നടപടി. കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ മേല്‍ക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
പൊലീസിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് കര്‍ശനമായി പരിശോധിക്കുമെന്നും നിയമനടപടിയുടെ കാര്യത്തില്‍ പൊലീസെന്നോ ജഡ്ജിയെന്നോ വ്യത്യാസമുണ്ടാകില്ലെന്നും എഡിജിപി പി.വിജയന്‍ നേരത്തെ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് നടപടി. സംഭവത്തില്‍ പൊലീസിന് പ്രാഥമിക ഘട്ടത്തില്‍ വീഴ്ച സംഭവിച്ചതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരം എഡിജിപി പി.വിജയന്റെ നേതൃത്വത്തില്‍ അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. അപകടത്തിന് ശേഷം പ്രതിയുടെ ദൃശ്യങ്ങള്‍ ഒഴിവാക്കാനും മറ്റും പൊലീസിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടായെന്ന ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിനിടെയാണ് ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്കെതിരായ സസ്പെന്‍ഷന്‍ നടപടി.
നിലവില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കേസിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് സംഘം പതിനേഴുകാരന്റേയും അമ്മയുടെയും മൊഴിയെടുത്തിരുന്നു. ജഡ്ജിയെ ചോദ്യം ചെയ്യുന്നതിനായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടിയിട്ടുണ്ടെന്നും അത് ലഭ്യമായാല്‍ ഉടന്‍ അടുത്ത നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.വാഹനം നല്‍കിയ കുട്ടിയുടെ പിതാവ് ജഡ്ജി ആയതിനാല്‍, അദ്ദേഹത്തിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും കേരള ഹൈക്കോടതി രജിസ്ട്രാറെ ഔദ്യോഗികമായി വിവരമറിയിക്കുകയും ചെയ്തിട്ടുണ്ട്. ജഡ്ജിയെ നീക്കം ചെയ്യുന്നത് ഹൈക്കോടതിയുടെ അധികാരപരിധിയിലായതിനാലാണ് വിവരം കൈമാറിയത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് ജാമ്യം ലഭിച്ച ഉത്തരവിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാനുള്ള നടപടികളും പ്രോസിക്യൂഷന്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചേരാനല്ലൂര്‍ മാനാപ്പൂറം അമ്പലത്തിന് സമീപത്താണ് കേസിനാസ്പദമായ സംഭവം. അമിത വേഗതയിലെത്തിയ കാര്‍ മാഞ്ഞാലി സ്വദേശിയായ തട്ടുകട ഉടമ ജയബാലകൃഷ്ണന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ജയബാലകൃഷ്ണന്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അഡീഷണല്‍ ജില്ലാ ജഡ്ജി റിനോ ഫ്രാന്‍സിസിന്റെ ഉടമസ്ഥതയിലുള്ള ബെന്‍സ് കാറാണ് അപകടത്തില്‍ പെട്ടത്. തുടര്‍ന്നുണ്ടായ പൊലീസ് നടപടികളിലെ വീഴ്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെയും സമ്മതിച്ചിരുന്നു. തുടക്കത്തില്‍ പൊലീസ് സ്വീകരിച്ച നിലപാട് ശരിയായില്ലെന്നും നരഹത്യാക്കുറ്റം ചുമത്താതിരുന്നത് വീഴ്ചയാണെന്നും പൊലീസ് നടപടികളില്‍ ആശ്ചര്യം തോന്നിയെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. പിന്നാലെയാണ് വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.