കോഴിക്കോടും കാസര്‍ഗോഡും ഉരുള്‍പൊട്ടല്‍; കോടഞ്ചേരിയില്‍ നാലേക്കറോളം ഭൂമി ഒലിച്ചു പോയി
കോഴിക്കോട് : കോടഞ്ചേരിയിലും കാസര്‍കോട് ചിറ്റാരിക്കലിലും ഉരുള്‍പൊട്ടല്‍. കോടഞ്ചേരി ഈരൂട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാലേക്കറോളം ഭൂമി ഒലിച്ചു പോയി.
മണ്ണിടിഞ്ഞ സമയത്ത് തോട്ടത്തിലോ പരിസരപ്രദേശങ്ങളിലേ ജനങ്ങള്‍ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായി. ചിറ്റാരിക്കലില്‍ തയ്യെനി വായിക്കാനത്താണ് ഉരുള്‍പൊട്ടിയത്. പ്രദേശത്ത് മലവെള്ളപ്പാച്ചിലുണ്ട്. ആളാപയം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാവുകയാണ്. വിവിധയിടങ്ങളില്‍ കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പാലക്കാട് മണ്ണാര്‍ക്കാട് അലനല്ലൂരില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞു വീണു.
കാട്ടുകുളം അത്താണിപ്പടിയില്‍ നാലകത്തു അലിയുടെ വീടിന്റെ ഭിത്തിയാണ് പൂര്‍ണമായും തകര്‍ന്നത്. വീട്ടുകാര്‍ അത്ഭുതകരമായാണ് രക്ഷപെട്ടത്.
സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഏഴ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലിലും കോട്ടയം, ഇടുക്കി ജില്ലകളില്‍ നാല് പേര്‍ക്ക് ജീവന്‍ നഷ്ടമായി.
കോട്ടയം വാകത്താനത്ത് വെള്ളക്കെട്ടില്‍ വീണ് പതിനൊന്നുകാരന്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടിയില്‍ നാല് വയസുകാരനും, വണ്ടൂരില്‍ രണ്ടരവയസുകാരനും ഒഴുക്കില്‍പ്പെട്ട് ജീവന്‍ നഷ്ടമായി.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ വ്യാപകമായ മഴക്കെടുതിയാണ്. കോട്ടയം പാലായിലും ഈരാറ്റുപേട്ടയിലും കടകളിലും വീടുകളിലും വെള്ളം കയറി.
ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് ശമനമായതോടെ ഇടുക്കി ഉപ്പുതറ, ചപ്പാത്ത്, ഏലപ്പാറ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലെ ജനവാസമേഖലകളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. പത്തനംതിട്ടയിലെ റാന്നിയിലും ആറന്മുളയിലും കനത്ത വെള്ളക്കെട്ടാണ്.