റെയില്‍ പാതയില്‍ മണ്ണിടിച്ചില്‍. മംഗളൂരു-ബെംഗളൂരു ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു, നിരവധി സര്‍വീസുകള്‍ റദ്ദാക്കി

 
erty

ബെംഗളൂരൂ: റെയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. യെദകൂമെരിക്കും ശ്രീവാഗിലു സ്റ്റേഷനുകള്‍ക്കുമിടയില്‍ ശനിയാഴ്ച രാത്രിയാണ് മണ്ണിടിഞ്ഞത്. 

ഇതോടെ മംഗളൂരുവിനും യശ്വന്ത്പൂരിനുമിടയിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണ്ണമായും തടസ്സപ്പെട്ടു. പ്രദേശത്ത് പെയ്യുന്ന കനത്ത മഴ ഗതാഗത പുനഃസ്ഥാപനത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

പാളത്തിലേക്ക് വന്‍തോതില്‍ മണ്ണും കല്ലും ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് ഞായറാഴ്ച സര്‍വീസ് നടത്തേണ്ടിയിരുന്ന മംഗളൂരു - യശ്വന്ത്പൂര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. 

മണ്ണിടിച്ചിലുണ്ടായ ഉടന്‍ തന്നെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സംഘവും റിലീഫ് ട്രെയിനും സ്ഥലത്തെത്തിയിട്ടുണ്ട്. 


കനത്ത മഴയെത്തുടര്‍ന്ന് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകുന്നത് ജോലികള്‍ തടസ്സപ്പെടുത്തുന്നുണ്ടെങ്കിലും, അധിക മണ്ണുമാന്തി യന്ത്രങ്ങളും കൂടുതല്‍ തൊഴിലാളികളെയും ഉപയോഗിച്ച് പാത ഗതാഗതയോഗ്യമാക്കാനുള്ള ശ്രമം യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

അപകടത്തെത്തുടര്‍ന്ന് മംഗളൂരു ജംഗ്ഷന്‍ - യശ്വന്ത്പൂര്‍ എക്‌സ്പ്രസ് (16540), യശ്വന്ത്പൂര്‍ - മംഗളൂരു ജംഗ്ഷന്‍ (16575) എന്നീ സര്‍വീസുകള്‍ റദ്ദാക്കി. ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട മുരുഡേശ്വര്‍ എക്‌സ്പ്രസ് (16585), കോഴിക്കോട് എക്‌സ്പ്രസ് (16511) എന്നിവ ഹസനില്‍ യാത്ര അവസാനിപ്പിച്ചു. കൂടാതെ വിജയപുര - മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് ഹസനിലും, ബെംഗളൂരു - കാര്‍വാര്‍ എക്‌സ്പ്രസ് സക്ലേഷ്പുരിലും യാത്ര അവസാനിപ്പിക്കേണ്ടി വന്നു. 


കോഴിക്കോട് - ബെംഗളൂരു എക്‌സ്പ്രസ് (16512) കബക പുത്തൂരിലും, മംഗളൂരു - വിജയപുര എക്‌സ്പ്രസ് (17378) സുബ്രഹ്മണ്യ റോഡിലും സര്‍വീസ് അവസാനിപ്പിച്ചു.

Tags

Share this story

From Around the Web