കള്ളാടി മണ്ണിടിച്ചില്‍: അന്വേഷിച്ച് സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് മനുഷ്യവകാശ കമ്മീഷന്‍
വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ നടത്തിപ്പുകാരുടെയും കരാറുകാരുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഭാഗത്ത് അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍. വയനാട് ജില്ലാ കളക്ടര്‍, പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എന്നിവര്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 14 ന് ബത്തേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
കാലവര്‍ഷം ശക്തി പ്രാപിക്കുന്ന വേളയില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് നിര്‍മ്മാണം തുടര്‍ന്നതാണ് അപകടത്തിന് കാരണമെന്ന് പൊതുപ്രവര്‍ത്തകനായ അഡ്വ. വി. ദേവദാസ് സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ ക്രിമിനല്‍ നിയമപ്രകാരം നടപടിയെടുക്കണമെന്നും അപകടത്തിന് ഇരയായവരുടെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. പ്രദേശത്ത് പ്രതികൂല കാലാവസ്ഥയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ തടയണമെന്നും ഇരകള്‍ക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാനടിസ്ഥാനത്തില്‍ സുരക്ഷാ പ്രോട്ടോക്കോളിന് രൂപം നല്‍കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
മണ്ണിടിച്ചിലുണ്ടായിടത്ത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം. പ്രദേശത്ത് കനത്ത മഴയും മൂടല്‍ മഞ്ഞും. കാണാതായവര്‍ മണ്ണിനടിയില്‍ തന്നെയെന്ന നിഗമനത്തില്‍ എന്‍ഡിആര്‍എഫും ഫയര്‍ ഫോഴ്‌സും. മണ്ണ് പൂര്‍ണമായി മാറ്റാന്‍ മൂന്ന് ദിവസം എടുക്കുയുമെന്ന് ഫയര്‍ഫോഴ്‌സ്. നിലവില്‍ സമീപ പ്രദേശത്തെ തോടുകള്‍ ഉള്‍പ്പടെ തെരിച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടത്താന്‍ ആയില്ല. അതേസമയം ദുരന്തത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.