ഫര്‍ണിച്ചര്‍ കടയുടെ പേരില്‍ തട്ടിയത് ലക്ഷങ്ങള്‍; വലവിരിച്ച് കെണിയിലാക്കി വടകര പൊലീസ്

 
ARREST

ഫര്‍ണിച്ചര്‍ കടയുടെ പേരില്‍ തട്ടിയത് ലക്ഷങ്ങള്‍; വലവിരിച്ച് കെണിയിലാക്കി വടകര പൊലീസ്

വടകര: ആകര്‍ഷകമായ ഓഫറുകള്‍ നല്‍കി സാധാരണക്കാരില്‍ നിന്നും സ്ത്രീകളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാന പ്രതി വടകര പോലീസിന്റെ പിടിയിലായി. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുസ്തഫയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 


വടകര മാക്കൂല്‍ കേന്ദ്രീകരിച്ച് 'റോയല്‍ ഫര്‍ണിച്ചര്‍' എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ്. ആകര്‍ഷകമായ ഓഫറുകള്‍ നിരത്തിയാണ് ഇവര്‍ ആളുകളെ വലയിലാക്കിയത്. മാസം തോറും 1,000 രൂപ വീതം 20 മാസം അടയ്ക്കുന്നവര്‍ക്ക് വളരെ കുറഞ്ഞ വിലയ്ക്ക് ഫര്‍ണിച്ചറുകളോ ഇലക്ട്രോണിക്‌സ് സാധനങ്ങളോ നല്‍കാമെന്നായിരുന്നു വാഗ്ദാനം.

മാസത്തില്‍ കൃത്യമായി പണമടച്ചാല്‍ വന്‍ ലാഭത്തില്‍ ഫര്‍ണിച്ചറുകള്‍ സ്വന്തമാക്കാമെന്ന് വിശ്വസിച്ച് നൂറുകണക്കിന് ആളുകളാണ് ഈ പദ്ധതിയില്‍ ചേര്‍ന്നത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നറുക്കെടുപ്പോ വാഗ്ദാനം ചെയ്ത സമ്മാനങ്ങളോ ലഭിക്കാതായതോടെയാണ് പണമടച്ചവര്‍ക്ക് സംശയം തോന്നിയത്. 

തുടര്‍ന്ന് ഇരയായവര്‍ മാക്കൂലിലെ ഓഫീസിലെത്തിയപ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടതായും സ്ഥാപനം പൂട്ടിയതായും മനസ്സിലാക്കുന്നത്. അപ്പോഴേക്കും പ്രതികള്‍ ലക്ഷക്കണക്കിന് രൂപയുമായി ഒളിവില്‍ പോയിരുന്നു. നൂറോളം പരാതികളാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വടകര പോലീസിന് ലഭിച്ചത്.


തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വടകര പൊലീസ് മലപ്പുറത്തുനിന്നാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി മുസ്തഫയെ വലയിലാക്കിയത്. തട്ടിപ്പ് സംഘത്തില്‍ മുസ്തഫയ്ക്ക് പുറമെ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. സമാനമായ രീതിയില്‍ മലപ്പുറത്തും ഇവര്‍ തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു.

Tags

Share this story

From Around the Web