കൃപാസനം ജപമാല മഹാറാലിയില്‍ പങ്കെടുത്ത് ലക്ഷകണക്കിന് വിശ്വാസികള്‍,ബ്രദര്‍ ആര്‍. വിജയകുമാര്‍ കോയമ്പത്തൂര്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു
ചേര്‍ത്തല: യുദ്ധങ്ങള്‍ ഒഴിവായി ലോകത്തു സമാധാനം പുലരുവാനും രാജ്യം സമാധാനത്തിലും കെട്ടുറപ്പിലും നിലനില്‍ക്കാനുമുള്ള നിയോഗത്തോടെ നടത്തിയ കൃപാസനം അഖണ്ഡ ജപമാല മഹാറാലിയില്‍ പങ്കെടുത്ത് ലക്ഷകണക്കിന് വിശ്വാസികള്‍. പുലര്‍ച്ചെ ഒരു മണിയോടെ കൃപാസനം കേന്ദ്രത്തില്‍ നിന്നും അര്‍ത്തുങ്കല്‍ ബസിലിക്കയിലേക്ക് ആരംഭിച്ച മഹാറാലിയില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ലക്ഷകണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തിയത്.
ബ്രദര്‍ ആര്‍. വിജയകുമാര്‍ കോയമ്പത്തൂര്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. കൃപാസനം ഡയറക്ടര്‍ ഫാ.ഡോ.വി.പി. ജോസഫ് വലിയവീട്ടില്‍ റാലിക്ക് നേതൃത്വം നല്‍കി. തീരദേശപാതയിലൂടെ സഞ്ചരിച്ച് അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ബസിലിക്ക റെക് ടര്‍ ഫാ. യേശു ദാസ് കാട്ടുങ്കല്‍ തയ്യിലിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ആലപ്പുഴ ബിഷപ്പ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ ആമുഖസന്ദേശം നല്‍കി.
മനുഷ്യര്‍ തങ്ങളുടെ പാപങ്ങള്‍ ക്രിസ്തുവാകുന്ന കുഞ്ഞാടിന്റെ രക്തത്തില്‍ കഴുകി വെളുപ്പിക്കുന്നതുകൊണ്ടാണ് രക്ഷ നമുക്ക് സാധ്യമാകുന്നതെന്ന് ബിഷപ്പ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ പറഞ്ഞു. ഇത്രയും വിശ്വാസികള്‍ ജപമാല ചൊല്ലി ത്യാഗമെടുത്ത് ഈ മണ്ണിലെത്തിച്ചേരുന്നത് ദൈവമാതാവിന്റെ മാധ്യസ്ഥം മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിശ്വാസത്തെ ഏറ്റുപറയുന്നതിന് ഒരു മനുഷ്യന് അവനെ സഹായിക്കുന്ന അനുയോജ്യമായ ഏറ്റവും വലിയ ഘടകം ജപമാലയാണെന്നും ജപമാല ദൈവവചനത്തിന്റെ പ്രാര്‍ത്ഥനാരൂപങ്ങളാണെന്നും സ്വീകരണത്തിനു നന്ദിയര്‍പ്പിച്ചുകൊണ്ട് ഫാ.ഡോ.വി.പി. ജോസഫ് വലിയ വീട്ടില്‍ പറഞ്ഞു.
അര്‍ത്തുങ്കല്‍ ബസിലിക്ക റെക്ടര്‍ ഫാ. ഡോ. യേശുദാസ് കാട്ടുങ്കല്‍തയ്യില്‍ സ്വാഗതം പറഞ്ഞു. ആഘോഷമായ ദിവ്യബലിക്ക് ആലപ്പുഴ ബിഷപ്പ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ നേതൃത്വം നല്കി. രൂപത വികാരി ജനറല്‍ മോണ്‍. ജോയ് പുത്തന്‍വീട്ടില്‍, ഫാ. പോള്‍ ജെ. അറയ്ക്ക ല്‍, ഫാ.അലക്‌സ് കൊച്ചീക്കാരന്‍വീട്ടില്‍, ഫാ.അലക്സാണ്ടര്‍ കൊച്ചിക്കാരന്‍വീട്ടില്‍ എന്നിവര്‍ ആരാധനാസന്ദേശം നല്‍കി. റാലിയില്‍ പങ്കുചേരാന്‍ വിദേശത്തു നിന്നു നാട്ടിലേക്ക് എത്തിയവരുമുണ്ടായിരിന്നു. റാലിയുടെ വിവിധകേന്ദ്രങ്ങളില്‍ ശുദ്ധജലവിതരണവും പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യവും, ആംബുലന്‍സ് സൗകര്യവും ഒരുക്കിയിരിന്നു.