റഷ്യൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് പെൺകുട്ടികൾക്ക് വിട നൽകി കീവ്
നാല് വർഷത്തിലേറെയായി റഷ്യ തുടരുന്ന യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്കും പ്രമുഖർക്കുമായി ഉക്രെയ്ൻ തലസ്ഥാനത്തുള്ള സെന്റ് മൈക്കിൾസ് ഗോൾഡൻ-ഡോംഡ് മോണാസ്ട്രി പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ ചൊവ്വാഴ്ച ആ ദൈവാലയത്തിൽ അടുത്തടുത്തായി വച്ചിരുന്നത് രണ്ട് വെളുത്ത നിറത്തിലുള്ള ശവപ്പെട്ടികളായിരുന്നു; രണ്ട് പെൺകുട്ടികളുടെ ഭൗതികശരീരങ്ങൾ.
പന്ത്രണ്ടുകാരിയായ ലിയുബാവ യാക്കോവ്ലീവയും അവളുടെ ചേച്ചി പതിനേഴുകാരിയായ വിരയും. മേയ് 14-ന് കീവിലെ അവരുടെ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലേക്ക് റഷ്യൻ മിസൈൽ പതിച്ചപ്പോഴാണ് ഇരുവരും കൊല്ലപ്പെട്ടത്. ആകെ 24 പേരാണ് ആ ആക്രമണത്തിൽ മരണമടഞ്ഞത്. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ പെട്ടുപോയ കുട്ടികളുടെ മൃതദേഹങ്ങൾ പിന്നീട് കണ്ടെത്തുകയായിരുന്നു. ശവപ്പെട്ടികൾക്ക് അരികിൽ ആ കുടുംബത്തിൽ അവശേഷിച്ച ഏക വ്യക്തിയായ അമ്മ തെറ്റിയാന ഇരിപ്പുണ്ടായിരുന്നു. കുട്ടികളുടെ പിതാവ് യെവ്ഹെൻ, മൂന്ന് വർഷം മുമ്പ് യുദ്ധമുന്നണിയിൽ സൈനികനായി സേവനമനുഷ്ഠിക്കവേ കൊല്ലപ്പെട്ടിരുന്നു.
കറുത്ത വസ്ത്രമണിഞ്ഞ്, കരഞ്ഞുകൊണ്ട് പരസ്പരം താങ്ങായി നിന്ന ഡസൻകണക്കിന് കുട്ടികളാണ് തങ്ങളുടെ സഹപാഠികൾക്ക് യാത്രയയപ്പ് നൽകാൻ എത്തിയത്. ശവപ്പെട്ടികളുടെ കാൽക്കൽ വച്ചിരുന്ന പാത്രങ്ങൾ പൂക്കൾ കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. ശവപ്പെട്ടികൾക്ക് മുകളിലുണ്ടായിരുന്ന ചിത്രങ്ങളിൽ സ്വർണ്ണമുടിയുള്ള ലിയുബാവയും കണ്ണട ധരിച്ച വിരയും പുഞ്ചിരിയോടെ താനങ്ങളുടെ കൂട്ടുകാരെ നോക്കിനിന്നു. മുതിർന്നവരും കുട്ടികളും ഒരുപോലെ വിതുമ്പിയ ആ ചടങ്ങിൽ യെവ്ഹെന്റെ സഹപ്രവർത്തകരായ ഏതാനും സൈനികരും പങ്കെടുത്തു.
യുദ്ധത്തിന് മുമ്പ് മിടുക്കനായ ഒരു പാചകക്കാരനായും മീൻപിടുത്തക്കാരനായും ഒക്കെ അറിയപ്പെട്ടിരുന്ന യെവ്ഹെൻ, 2022-ൽ റഷ്യ പൂർണ്ണതോതിൽ അധിനിവേശം ആരംഭിച്ചപ്പോൾ സൈന്യത്തിൽ ചേരുകയായിരുന്നു. തുടർന്ന് 2023 ഏപ്രിൽ ഏഴിന് ലുഹാൻസ്ക് മേഖലയിലെ ദിബ്രോവ ഗ്രാമത്തിന് സമീപമുണ്ടായ പോരാട്ടത്തിലാണ് അദ്ദേഹം വീരമൃത്യു വരിച്ചത്. ഇപ്പോൾ ആ യുദ്ധം അദ്ദേഹത്തിന്റെ മക്കളെയും കവർന്നിരിക്കുന്നു.
റഷ്യൻ മിസൈൽ കെട്ടിടത്തിൽ പതിച്ചതിന് ശേഷം രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ നടത്തുന്നതിനിടയിൽ, ‘കറന്റ് ടൈം’ മാധ്യമത്തോട് അമ്മ തെറ്റിയാന സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
“എനിക്ക് അവരുടെ അച്ഛനെ നഷ്ടപ്പെട്ടു, ഉക്രെയ്ന്റെ കാവൽക്കാരനായ എന്റെ ഭർത്താവിനെ. എന്റെ മക്കൾ ജീവിച്ചിരിപ്പുണ്ടോ അതോ അവർ അവരുടെ അച്ഛന്റെ അടുത്തേക്ക് പോയോ എന്ന് എനിക്കറിയില്ല,” തെറ്റിയാന അന്ന് പറഞ്ഞു. “ഇത് എത്രമാത്രം വേദനാജനകമാണെന്ന് വാക്കുകളിലൂടെ പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകില്ല, നിങ്ങൾ അത് സ്വയം അനുഭവിക്കുന്നതുവരെ,” വേദനിക്കുന്ന അവരുടെ വിവരണം ഏതൊരാളുടെയും ഉള്ളുലയ്ക്കുന്നതായിരുന്നു.
കീവിലെ ആർട്ട് കോളേജിൽ വിരയെ ചിത്രരചന പഠിപ്പിച്ചിരുന്ന ഡിമിട്രോ കോവലും ചടങ്ങിൽ പങ്കെടുത്തു. സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയാൻ മടിക്കാത്ത, എന്നാൽ മറ്റുള്ളവരോട് അങ്ങേയറ്റം ദയയും ശ്രദ്ധയും കാണിച്ചിരുന്ന ഒരു മിടുക്കിയായ വിദ്യാർഥിനിയായിരുന്നു അവളെന്ന് അദ്ദേഹം അനുസ്മരിച്ചു. അവളുടെ മരണവാർത്ത കോളേജിൽ എത്തിയപ്പോൾ എല്ലാവരും വലിയ ആഘാതത്തിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇന്നലെവരെ നമ്മൾ കണ്ടിരുന്നവരുടെ ഇടയിലേക്ക് മരണം വിതയ്ക്കപ്പെടുമ്പോൾ അത് വാക്കുകൾക്ക് അതീതമായ വലിയൊരു വേദനയാണ്. നമ്മുടെ അയൽക്കാർ (റഷ്യ) സമാധാനം ആഗ്രഹിക്കുന്നവരല്ല. അതുകൊണ്ട് ചർച്ചകളിലൂടെ എന്തെങ്കിലും നടക്കും എന്ന വെറും മിഥ്യാധാരണകളിലോ പ്രതീക്ഷകളിലോ നമ്മൾ ഇനി ജീവിക്കരുത്.” കോവൽ പറഞ്ഞു.
ചെറിയ കുട്ടിയാണെങ്കിലും ഉള്ളിൽ വലിയ ദൃഢതയുള്ള ആളായിരുന്നു ഇളയവളായ ലിയുബാവയെന്ന് കുടുംബസുഹൃത്തും പിതാവ് യെവ്ഹെന്റെ സഹപ്രവർത്തകയുമായിരുന്ന തെറ്റിയാന ഒസിപോവ ഓർക്കുന്നു. അച്ഛന്റെ വിയോഗം ആ കുട്ടികളെ വലിയ രീതിയിൽ ബാധിച്ചിരുന്നു. രക്ഷാപ്രവർത്തകർ കുട്ടികൾക്കായി തിരച്ചിൽ നടത്തുമ്പോൾ അമ്മ തെറ്റിയാനയ്ക്ക് ഒപ്പം ഒസിപോവയും ഉണ്ടായിരുന്നു.
ഭർത്താവിനും പിന്നാലെ മക്കളെയും നഷ്ടപ്പെട്ട തെറ്റിയാന ഇപ്പോൾ തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലാണ്. എങ്കിലും തന്റെ മക്കളുടെയും ഭർത്താവിന്റെയും ഓർമ്മകൾ നിലനിർത്താനും അവർക്കായി ജീവിക്കാനും ആ അമ്മ ശക്തി കണ്ടെത്തുമെന്ന് ഒസിപോവ പറഞ്ഞു.
“മാതാപിതാക്കൾ മക്കളെ അടക്കം ചെയ്യേണ്ടി വരുന്നത് പ്രകൃതിനിയമങ്ങൾക്ക് വിരുദ്ധമായ കാര്യമാണ്. ഈ വിയോഗം, ഈ ദുരന്തം നിങ്ങളുടെ കുടുംബത്തിന്റേത് മാത്രമല്ല. ഇത് ഉക്രെയ്ന്റെ മുഴുവൻ കണ്ണീരാണ്. കാരണം ഈ യുദ്ധത്തിൽ നമ്മളെല്ലാവരും ഒരേ നൂലിൽ കോർത്തതുപോലെ ബന്ധിക്കപ്പെട്ടിരിക്കുകയാണ്.” സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയ പുരോഹിതൻ എഫ്രെം ഖോമിയാക് ദുഃഖാർത്തരായ ജനങ്ങളോട് പറഞ്ഞു.