കുറവിലങ്ങാട് മൂന്ന് നോമ്പ് തിരുനാള്‍ ക്രമീകരണങ്ങളുറപ്പാക്കി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും


 

 
MONS JOSEPH
കുറവിലങ്ങാട്:  പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിന്റെ മൂന്ന് നോമ്പ് തിരുനാളിന്റെ  ക്രമീകരണങ്ങൾ വിലയിരുത്താനായി ഉദ്യോഗസ്ഥരുടേയും  ജനപ്രതിനിധികളുടേയും  യോഗം നടത്തി. പാലാ ആർഡിഒ എം. ഉഷാകുമാരിയാണ് യോഗം വിളിച്ചുചേർത്തത്. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. 
വിവിധ സർക്കാർ വകുപ്പുകൾ ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങൾ ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു. തുടർ ക്രമീകരണങ്ങൾക്ക് എംഎൽഎയും ആർഡിഒയും നിർദ്ദേശങ്ങൾ നൽകി. ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി എന്നിവർ പ്രസംഗിച്ചു. 
മീനച്ചിൽ തഹസീൽദാർ ലിറ്റിമോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ സിബി മാണി, ഗ്രേസിക്കുട്ടി ഏബ്രഹാം, ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് മാഞ്ഞൂർ മോഹൻകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മിനി മത്തായി, രതീഷ് എണ്ണച്ചേരിൽ, സിൻസി ജയ്‌സൺ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി. 
കുറവിലങ്ങാട് പഞ്ചായത്തിൽ പള്ളിയോട് ചേർന്നുള്ള പ്രദേശത്തെ ആറ് റോഡുകൾ 22ന് മുമ്പായി യാത്രായോഗ്യമാക്കാൻ കരാറുകാർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായി പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി അറിയിച്ചു. കോഴാ- കുര്യം ഭാഗത്തെ വഴിവിളക്കുകളുടെ പ്രവർത്തനം ഉറപ്പുവരുത്തുമെന്നും ഈ പ്രദേശത്ത് റോഡുകളുടെ ശുചീകരിക്കുമെന്നും പ്രസിഡന്റ് ഉറപ്പ് നൽകി. 
എം.സി റോഡിൽ സീബ്രാലൈനടക്കം മാർക്കിംഗ് നടത്താൻ പൊതുമരാമത്തിനെ ചുമതലപ്പെടുത്തി. താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ തിരുനാൾ ദിവസങ്ങളിൽ മുഴുവൻസമയം ഡോക്ടറുടെ സേവനവും ആംബുലൻസ് സൗകര്യവും പള്ളിയിലെ മെഡിക്കൽ എയ്ഡിൽ ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കെ.ആർ നാരായണൻ ബൈപ്പാസ് റോഡിന്റെ പൂർത്തീകരണത്തിനായി സാങ്കേതികാനുമതി തേടുന്നതായി എംഎൽഎ അറിയിച്ചു. വൈക്കം -പാലാ റൂട്ടിലെ മുഴുവൻ കെഎസ്ആർടിസി ബസുകളും പള്ളിക്കവലയിലെത്തി സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥർ വ്യക്തമാക്കി. തിരുനാൾ ദിവസങ്ങളിൽ കെഎസ്ആർടിസി പ്രത്യേക സർവിസിനായി എം.ഡിയോട് ആവശ്യപ്പെടാനും തീരുമാനിച്ചു. 
എക്‌സൈസിന്റെ പ്രവർത്തനം സജീവമാക്കാനായി ഏറ്റുമാനൂരിലെ എൻഫോഴ്‌സ്‌മെൻ് ടീം സേവനവും പ്രയോജനപ്പെടുത്തും. 
ഫയർഫോഴ്‌സ് സേവനം ലഭ്യമാക്കുന്നതിന് യോഗത്തിൽ തീരുമാനമെടുത്തു.  ഉത്സവമേഖലയായി പ്രഖ്യാപിക്കുന്നതിനും  യാചകനിരോധിത മേഖലയാക്കുന്നതിനും ജില്ലാ കലക്ടർക്ക് കത്ത് നൽകും. ഫയർഫോഴ്‌സ് സേവനം ഉറപ്പാക്കുന്നതിനും തീരുമാനിച്ചു.

Tags

Share this story

From Around the Web