കുറവിലങ്ങാട് പള്ളിയില്‍ എട്ടുനോമ്പാചരണവും ബൈബിള്‍ കണ്‍വന്‍ഷനും 28 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ

കുറവിലങ്ങാട്: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ബൈബിള്‍ കണ്‍വന്‍ഷനും ദൈവമാതാവിന്റെ പിറവി തിരുനാളിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മോനാച്ചേരി, സീനിയര്‍ അസി.വികാരിയും തിരുനാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനറുമായ ഫാ. ജോസഫ് മണിയഞ്ചിറ എന്നിവര്‍ അറിയിച്ചു.
ലക്ഷോപലക്ഷങ്ങളിലേക്ക് ദൈവവചനം സമ്മാനിച്ച കുറവിലങ്ങാട് ബൈബിള്‍ കണ്‍വന്‍ഷന്‍ ഇക്കുറി ഒരു പതിറ്റാണ്ട് പിന്നിടുകയാണ്. കണ്‍വന്‍ഷന്‍ 28 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ തിയതികളില്‍ നടക്കും. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. ബിനോയി കരിമരുതുങ്കല്‍ എന്നിവര്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കും.
കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ പാലാ രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ഡോ. ജോസഫ് തടത്തില്‍, വികാരി ജനറാള്‍മാരായ മോണ്‍. ഡോ. ജോസഫ് മലേപറമ്പില്‍, മോണ്‍.ഡോ. സെബാസ്റ്റിയന്‍ വേത്താനത്ത്, മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍, മുട്ടുചിറ റൂഹാദ്ക്കുദിശ ഫൊറോന വികാരി ഫാ. ഏബ്രാഹം കൊല്ലിത്താനത്തുമലയില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. വൈകുന്നേരം നാലുമുതല്‍ ഒന്‍പതുവരെയാണ് കണ്‍വന്‍ഷന്‍.
ഈ വര്‍ഷം മുതല്‍ കുറവിലങ്ങാട് മുത്തിയമ്മ തീര്‍ത്ഥാടനങ്ങളും
സെപ്റ്റംബര്‍ ഒന്നിന് ദൈവമാതാവിന്റെ ജനനതിരുനാളിന് കൊടിയേറും. നോമ്പിലെ എല്ലാദിവസങ്ങളിലും വിവിധ ഇടവകകളില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നും മുത്തിയമ്മ തീര്‍ത്ഥാടനങ്ങളെത്തുമെന്നത് ഈ വര്‍ഷത്തെ പ്രത്യേകതയാണ്.
മുട്ടുചിറ റൂഹാദ്ക്കുദിശ ഫൊറോന, രാമപുരം സെന്റ് അഗസ്റ്റ്യന്‍സ് ഫൊറോന ഇടവക, കാളികാവ് സെന്റ് സെബാസ്റ്റിയന്‍സ് ഇടവക, രത്നഗിരി സെന്റ് തോമസ് ഇടവക, കത്തോലിക്കാ കോണ്‍ഗ്രസ് , ഡിസിഎംഎസ് , എസ്എംവൈഎം, ജീസസ് യൂത്ത്, പിതൃവേദി രൂപതാതല സമിതികള്‍, മാതൃവേദി മേഖല എന്നിങ്ങനെയാണ് പ്രധാന തീര്‍ത്ഥാടനങ്ങള്‍. ഇടവകയില്‍ വിശ്വാസപരിശീലനം നേടുന്ന വിദ്യാര്‍ത്ഥികളും വിശ്വാസപരിശീലകരും പങ്കെടുക്കുന്ന തീര്‍ത്ഥാടനവും നടത്തുന്നുണ്ട്.
സംഘശക്തിയായി ദിനാചരണങ്ങള്‍
നോമ്പിലെ എല്ലാ ദിവസങ്ങളിലും പ്രത്യേക ദിനാചരണങ്ങളും പ്രാര്‍ത്ഥനകളും നടത്തും. ആദ്യദിനം കുറവിലങ്ങാട് നസ്രാണി മഹാസംഗമം വാര്‍ഷിക ദിനമാണ്. കുടുംബകൂട്ടായ്മ ദിനവും ആദ്യദിവസമാണ്. രണ്ടിന് വയോജനദിനമാണ്. ഇടവകയിലെ മുതിര്‍ന്ന പൗരന്മാരുടെ സംഗമം നടത്തും. മൂന്നിന് സഘടനാദിനത്തില്‍ ഇടവകയിലെ വിവിധ അത്മായ, ഭക്തസംഘടനകളുടെ നേതൃത്വത്തില്‍ ജൂബിലി കപ്പേളയില്‍ നിന്ന് റാലിയായി പള്ളിയിലെത്തും.
നാലിന് വാഹനവെഞ്ചരിപ്പ് ദിനമാണ്. വാഹനങ്ങള്‍ മുത്തിയമ്മയുടെ സന്നിധിയില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥന നടത്തും. അഞ്ചിന് കര്‍ഷക ദിനവും അധ്യാപക ദിനവും അനുരജ്ഞന ദിനവും ഒന്നിച്ച് ആചരിക്കും. കര്‍ഷകര്‍ തങ്ങളുടെ വിളവിന്റെയും മറ്റുള്ളവര്‍ വരുമാനത്തിന്റേയും ഒരു വിഹിതം മുത്തിയമ്മയുടെ സന്നിധിയില്‍ സമര്‍പ്പിക്കും.
ഇത് ഇടവകയുടെ നേതൃത്വത്തിലുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. ആറിന് സമര്‍പ്പിത ദിനാചരണത്തില്‍ സന്യസ്ത്യരുടേയും വൈദികരുടേയും സംഗമം നടക്കും. ഏഴിന് കൃതജ്ഞതാദിനത്തില്‍ മുത്തിയമ്മയുടെ മധ്യസ്ഥതയിലൂടെ ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി ചൊല്ലി ഇടവകയൊന്നാകെ മുത്തിയമ്മയുടെ സന്നിധിയില്‍ സംഗമിക്കും.
സമാപനദിനമായ എട്ടിന് 10ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് മേരിനാമധാരി സംഗമവും സ്നേഹവിരുന്നും നടക്കും.
180 മണിക്കൂര്‍ അഖണ്ഡപ്രാര്‍ത്ഥന
എട്ടുനോമ്പിന്റെ മുഴുവന്‍ സമയവും ഇടവക ദേവാലയം അടയ്ക്കാതെ അഖണ്ഡപ്രാര്‍ത്ഥന നടത്തും. ഇടവകയിലെ കുടുംബകൂട്ടായ്മ യൂണിറ്റുകള്‍, വിവിധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് പ്രാര്‍ത്ഥന നയിക്കുന്നത്.
ഓരോ യൂണിറ്റുകള്‍ക്കുമായി പ്രത്യേകസമയം നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. എട്ടുനോമ്പിന്റെ ദിനങ്ങളില്‍ മുഴുവന്‍ സമയം പള്ളിയില്‍ താമസിച്ച് പ്രാര്‍ത്ഥനയും സങ്കീര്‍ത്തനാലാപനവുമായി കഴിഞ്ഞിരുന്നത് കുറവിലങ്ങാടിന്റെ പാരമ്പര്യമായിരുന്നു.
ഇതിന്റെ തുടര്‍ച്ചയാണ് അഖണ്ഡപ്രാര്‍ത്ഥന. കരുണയുടെ വര്‍ഷാചരണത്തില്‍ 341 ദിനം രാപ്പകല്‍ഭേദമില്ലാതെ ഇടവകദേവാലയം തുറന്നിട്ട് പ്രാര്‍ത്ഥിച്ചതിന്റെ ഓര്‍മ്മകളുണര്‍ത്തിയാണ് അഖണ്ഡപ്രാര്‍ത്ഥന.
തിരുസ്വൂരൂപം സംവഹിക്കാന്‍ നാടൊഴുകിയെത്തും
എട്ടുനോമ്പിന്റെ ദിവസങ്ങളില്‍ ജപമാല പ്രദക്ഷിണത്തില്‍ തിരുസ്വരൂപം സംവഹിക്കാന്‍ എത്തുന്നത് ഇടവകയുടേയും നാടിന്റേയും പരിച്ഛേദം.
സമസ്തമേഖലയിലുമുള്ള മുത്തിയമ്മ ഭക്തരെ ഉള്‍ക്കൊള്ളിച്ചാണ് തിരുസ്വരൂപസംവഹിക്കല്‍. ഇടവകയിലെ എല്ലാ അത്മായ, ഭക്തജനസംഘടനകളും തിരുസ്വരൂപം സംവഹിക്കുന്നതില്‍ പങ്കാളികളാകും. ഇതിനൊപ്പം നാട്ടിലെ വ്യാപാരികളും ഡ്രൈവര്‍മാരും ഓരോദിവസങ്ങളില്‍ മുത്തിയമ്മയെ ചുമലിലേറ്റി തിരുനാളിന്റെ ഭാഗമാകും.
മുത്തിയമ്മ ഫെലേഷിപ്പ് ഓഫ് നസ്രാണിസീല്‍ ചേരാം
ലോകമെങ്ങുമുള്ള കുറവിലങ്ങാട് മുത്തിയമ്മ ഭക്തരെ കോര്‍ത്തിണക്കുന്ന കുറവിലങ്ങാട് മുത്തിയമ്മ ഫെലോഷിപ്പ് ഓഫ് നസ്രാണീസില്‍ ചേരുന്നതിന് കണ്‍വന്‍ഷന്‍ ദിവസങ്ങളിലും നോമ്പിന്റെ ദിവസങ്ങളിലും അവസരമുണ്ട്. വ്യക്തകളായും കുടുംബങ്ങളായും ഇതില്‍ ചേരാവുന്നതാണ്.
കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ തുടര്‍ച്ചയായി കുറവിലങ്ങാടിനോട് ചേര്‍ന്ന് നില്‍ക്കുന്ന എല്ലാവരേയും ഒരുമിപ്പിക്കുകയെന്നതാണ് ലക്ഷ്യം. ഉണരാം ഒരുമിക്കാം ഉറവിടത്തില്‍ എന്ന ആഹ്വാനത്തോടെയാണ് ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനം. ഫെലോഷിപ്പ് അംഗങ്ങളുടെ നിയോഗാര്‍ത്ഥമാണ് എല്ലാ മാസാദ്യവെള്ളിയാഴ്ചകളിലേയും രാവിലെ 4.3നുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണം.
സേവനനിരതരായി 501 വോളണ്ടിയര്‍മാര്‍
കണ്‍വന്‍ഷന്‍, തിരുനാള്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കാനും മുത്തിയമ്മ തീര്‍ത്ഥാടകരെ വരവേല്‍ക്കാനുമായി 501 അംഗ വോളണ്ടിയര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എല്ലാദിവസവും തീര്‍ത്ഥാടകര്‍ക്ക് സേവനം നല്‍കുന്ന മുത്തിയമ്മ സര്‍വീസ് ടീമിനൊപ്പമാണ് വോളണ്ടിയര്‍മാരുടെ ശുശ്രൂഷ.
ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, സീനിയര്‍ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി.വികാരിമാരായ ഫാ. പോള്‍ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായില്‍, ഫാ. ജോസഫ് ചൂരയ്ക്കല്‍, ഫാ. തോമസ് താന്നിമലയില്‍, പാസ്റ്ററല്‍ അസിസ്റ്റന്റുമാരായ ഫാ. ജോസ് കോട്ടയില്‍, ഫാ. പോള്‍ മഠത്തിക്കുന്നേല്‍, ദേവമാതാ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. മാത്യു കവളമ്മാക്കല്‍, കൈക്കാരന്മാരായ റെജി തോമസ് മിറ്റത്താനിക്കല്‍, ജോസ് പടവത്ത്, വി.സി ജോയി വള്ളോശ്ശേരില്‍, സുനില്‍ ജോസഫ് അഞ്ചുകണ്ടത്തില്‍, പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി, കുടുംബകൂട്ടായ്മ ജനറല്‍ ലീഡര്‍ ബോബിച്ചന്‍ നിധീരി, സോണ്‍ലീഡര്‍മാരായ ഷൈജു പാവുത്തിയേല്‍, ജിയോ കരികുളം, ജോസ് സി. മണക്കാട്ട്, സണ്ണി വെട്ടിക്കാട്ടില്‍, സെക്രട്ടറിമാരായ ജോളി എണ്ണംപ്രായില്‍, ഷൈനി മഞ്ഞപ്പള്ളില്‍, സ്മിത പുതിയിടത്ത്, ആശ കുന്നുമല എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്നത്.