കുന്നംകുളം അപകടം; കാർ ഡ്രൈവർ മദ്യലഹരിയിലെന്ന് കണ്ടെത്തൽ; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി.അപകടം സംഭവിച്ച ഉടൻ തന്നെ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഡ്രൈവർക്കായി തെരച്ചിൽ ഊർജിതമാക്കി.
കുന്നംകുളം: കുന്നംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികളും മൂന്ന് വയസ്സുകാരനായ മകനുമടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ട അപകടത്തിൽ കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
അപകടം സംഭവിച്ച ഉടൻ തന്നെ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഡ്രൈവർക്കായി തെരച്ചിൽ ഊർജിതമാക്കി.
എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്ന, ഇവരുടെ മൂന്ന് വയസ്സുള്ള മകൻ എമിൽ എന്നിവരാണ് ജീവൻ പൊലിഞ്ഞ യാത്രക്കാർ.
ശനിയാഴ്ച രാത്രി 11.40-ഓടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കുടുംബം സഞ്ചരിച്ചിരുന്ന മോട്ടോർ ബൈക്കിലേക്ക് അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.
ഇടിച്ചതിന്റെ ആഘാതത്തിൽ ബൈക്ക് യാത്രികർ റോഡിലേക്ക് തെറിച്ചുവീണു. ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച ശേഷം മുന്നോട്ടുപാഞ്ഞ കാർ റോഡരികിലുണ്ടായിരുന്ന കോൺക്രീറ്റ് വൈദ്യുത പോസ്റ്റിലിടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് പൂർണ്ണമായി തകർന്നു വീണു.
ഗുരുതരമായി പരിക്കേറ്റ മുനീർ, ഷിഫ്ന, കുഞ്ഞ് എമിൽ എന്നിവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.