കെ.എസ്.യു സ്ഥാപക നേതാവും പ്രമുഖ കോൺഗ്രസ് നേതാവുമായ അഡ്വ. കെ. ഡി. ദേവസ്യ നിര്യാതനായി
കണ്ണൂര്‍ : കേരള സ്റ്റുഡന്റ്സ് യൂണിയന്റെ (കെ.എസ്.യു.) സ്ഥാപക നേതാവും കണ്ണൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ തലശേരി കൈതയ്ക്കല്‍ അഡ്വ. കെ. ഡി. ദേവസ്യ ( 87 ) നിര്യാതനായി.
സംസ്കാര ശുശ്രൂഷകള്‍ ഞായര്‍ രാവിലെ 10.45 നു തലശേരി കോടതിക്ക് സമീപമുള്ള വസതിയില്‍ ആരംഭിക്കുന്നതും തുടര്‍ന്നു തലശേരി സെന്റ് ജോസഫ്സ് കത്തീഡ്രല്‍ ദേവാലയത്തില്‍ മൃതദേഹം സംസ്കരിക്കുന്നതുമാണ്.
മൃതദേഹം ശനിയാഴ്ച വൈകിട്ട് നാല് മണിക്കു വീട്ടില്‍ എത്തിക്കുന്നതാണ്.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തെത്തുകയും കോൺഗ്രസ് പ്രസ്ഥാനത്തിലും തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിലും നിയമരംഗത്തും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത പ്രമുഖ വ്യക്തിത്വമായിരുന്നു ദേവസ്യാ വക്കീല്‍ എന്ന അഡ്വ. കെ. ഡി. ദേവസ്യ .
മുൻ കേരള മുഖ്യമന്ത്രിമാരായ എ. കെ. ആന്റണി, ഉമ്മൻ ചാണ്ടി, മുൻ കേന്ദ്രമന്ത്രി വയലാർ രവി, വി. എം. സുധീരൻ തുടങ്ങിയ പ്രമുഖ കോൺഗ്രസ് നേതാക്കള്‍ക്കൊപ്പം കേരള സ്റ്റുഡന്റ്സ് യൂണിയന് (കെ.എസ്.യു.) സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
പേരാവൂർ ഹൈസ്കൂളിൽ വിദ്യാർഥി നേതാവായി പൊതുപ്രവർത്തനം ആരംഭിച്ച അദ്ദേഹം കോഴിക്കോട് ദേവഗിരി കോളേജ് ചെയർമാനായും എറണാകുളം ഗവൺമെന്റ് ലോ കോളേജ് ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
വിമോചന സമരകാലത്ത് വിദ്യാർഥി വിഭാഗത്തിന്റെ നേതാവായിരുന്ന അദ്ദേഹം തേവര മുരളി സമരത്തിന്റെ കൺവീനറായും പ്രവർത്തിച്ചു.
ഐ.എൻ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡന്റ്, ആറളം ഫാം തൊഴിലാളി യൂണിയൻ പ്രസിഡന്റ്, തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിലും സംഘടനാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി.) അംഗം, ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡി.സി.സി.) അംഗം, ഡി.സി.സി. എക്സിക്യൂട്ടീവിലേക്ക് പ്രത്യേക ക്ഷണിതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
തലശ്ശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന അദ്ദേഹം തലശ്ശേരി കോസ്മോപൊളിറ്റൻ ക്ലബ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
നിയമരംഗത്തും ശ്രദ്ധേയമായ സേവനമാണ് അദ്ദേഹം കാഴ്ചവെച്ചത്. 1982 മുതൽ 1987 വരെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി പ്രവർത്തിച്ച അദ്ദേഹം ആർ.എസ്.എസ്.–സി.പി.എം. സംഘർഷങ്ങളുമായി ബന്ധപ്പെട്ട കേസുകളിലും രാഷ്ട്രീയ പ്രാധാന്യമുള്ള നിരവധി കൊലപാതകക്കേസുകളിലും പ്രോസിക്യൂഷൻ ചുമതല വഹിച്ചു.
1991 മുതൽ 1996 വരെ ജില്ലാ ഗവൺമെന്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചു.
ഉമ്മൻ ചാണ്ടിയുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം പ്രത്യേകം ശ്രദ്ധേയമായിരുന്നു. ഉമ്മൻ ചാണ്ടിയുടെ തലശ്ശേരിയിലെ അവസാന പരിപാടി കോൺഗ്രസ് അംഗത്വ വിതരണ കാമ്പയിന്റെ ഭാഗമായി അഡ്വ. കെ. ഡി. ദേവസ്യയ്ക്ക് പാർട്ടി അംഗത്വം നൽകുന്നതായിരുന്നു.
കണ്ണൂർ–തലശ്ശേരി സന്ദർശനവേളകളിൽ ഉമ്മൻ ചാണ്ടി ഉള്‍പ്പെടെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ എത്തുന്ന വീടുകളില്‍ ഒന്നായിരുന്നു ദേവസ്യാ വക്കീലിന്റേത്. വ്യാഴാഴ്ച മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ വി എം സുധീരന് ആശുപത്രിയിലെത്തി ദേവസ്യാ വക്കീലിനെ സന്ദര്‍ശിച്ചിരുന്നു.
രാഷ്ട്രീയ രംഗത്തെ ദീർഘകാല പ്രവർത്തനവും നിയമരംഗത്തെ സേവനവും പൊതുജീവിതത്തിലെ സജീവ സാന്നിധ്യവും കൊണ്ട് ശ്രദ്ധേയനായിരുന്ന അഡ്വ. കെ. ഡി. ദേവസ്യയുടെ നിര്യാണം കോൺഗ്രസ് പ്രസ്ഥാനത്തിനും തലശ്ശേരിയുടെ പൊതുസമൂഹത്തിനും വലിയ നഷ്ടമാണ്.
മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി അനുശോചനം അറിയിച്ചു .
പരേതരായ കൈതയ്ക്കൽ ദേവസ്യയുടെയും കൈപ്പനാനിക്കൽ ത്രേസ്യയുടെയും മകനാണ് അഡ്വ. കെ. ഡി. ദേവസ്യ.
ഭാര്യ കിളിയന്ത്ര നടയ്ക്കൽ റോസമ്മ .
മകന് ഡി. കെ. ബ്രിജേഷ് കർണാടകയില്‍ കെ.പി.സി.സി. ജനറൽ സെക്രട്ടറിയും, എ.ഐ.സി.സി. ന്യൂനപക്ഷ വിഭാഗം ദേശീയ വൈസ് ചെയർമാനും കേരളത്തിന്റെ ചുമതലയുള്ള ഭാരവാഹിയുമാണ്.
മറ്റ് മക്കള്‍ : മഹേഷ് ഡി.കെ. ( ദുബായിൽ ബിസിനസ്) , സ്മിത ഡി. കെ. ( സോഫ്റ്റ്വെയർ എൻജിനീയര്‍, ദുബായ് ), അഡ്വ. അനിൽ ഡി. കെ. (തലശ്ശേരി), വിനീത ഡി. കെ. ( സോഫ്റ്റ്വെയർ എൻജിനീയര്‍, യു.കെ.),
മരുമകൾ : നിമ്മി ബ്രിജേഷ് ( സോഫ്റ്റ്വെയർ എൻജിനീയര്‍, Q2 സോഫ്റ്റ്വെയർ- ബാങ്ഗ്ലൂര്‍ ), തെരേസ മഹേഷ് ( ദുബായ് ), ജോർജ് വർഗീസ് ( എമേഴ്സണ്‍, ദുബായ്), ജൂലിയ അനിൽ ( NTTF തലശേരി ), ജിതിൻ ( വൈസ് പ്രസിഡന്റ് , അവിവ ലൈഫ് , യുകെ )
സഹോദരങ്ങൾ :ചാക്കോ , ത്രേസ്യാമ്മ, അഡ്വ. ജോൺ സെബാസ്റ്റ്യൻ- ഇരിട്ടി, പരേതരായ തോമസ് , മേരി , മാത്യു .