സ്ത്രീകൾക്കായി കെ.എസ്.ആർ.ടി.സിയുടെ രാത്രികാല 'പിങ്ക് ബസ്' സർവീസ് നാളെ മുതൽ , ആദ്യം തിരുവനന്തപുരം ടെക്നോപാർക്ക് റൂട്ടിൽ പരീക്ഷണം

 
pink bus

തിരുവനന്തപുരം: സ്ത്രീകൾക്കായി കെ.എസ്.ആർ.ടി.സി പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തുന്ന രാത്രികാല 'പിങ്ക് ബസ്' സർവീസുകൾ നാളെ മുതൽ ആരംഭിക്കും.

സർക്കാരിന്റെ നൂറു ദിന കർമപരിപാടികളുടെ ഭാഗമായുള്ള ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത മന്ത്രി സി.പി ജോൺ നിർവഹിക്കും.

ആദ്യം തിരുവനന്തപുരം നഗരത്തിലെ ടെക്നോപാർക്ക് റൂട്ടിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തുക. കിഴക്കേകോട്ടയിൽ നിന്ന് തുടങ്ങി തമ്പാനൂർ, പട്ടം, മെഡിക്കൽ കോളജ് (ആർ.സി.സി), ഉള്ളൂർ, കഴക്കൂട്ടം, ടെക്നോപാർക്ക്, ഇൻഫോസിസ്, ലുലു മാൾ, കിംസ് ആശുപത്രി എന്നീ പ്രധാന കേന്ദ്രങ്ങളിലൂടെയാണ് ബസ് കടന്നുപോകുന്നത്.

രാത്രി ഒൻപത് മണിക്ക് ശേഷം നഗരത്തിലെത്തുന്ന വനിതകൾ, ആശുപത്രി ജീവനക്കാർ, ട്രെയിൻ മാർഗം എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെയുള്ളവർക്ക് ഇത് ഉപയോഗപ്രദമാകും. ഐ.ടി ജീവനക്കാരുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 'പ്രതിധ്വനി' സംഘടന നൽകിയ നിവേദനം കൂടി പരിഗണിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

തിരുവനന്തപുരം, എറണാകുളം ഡിപ്പോകളിലെ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. രാത്രികാലങ്ങളിൽ മറ്റ് വാഹനങ്ങളെ ആശ്രയിക്കുന്ന വനിതകൾക്ക് ഇത് സഹായകരമാകും. സർവീസുകളുടെ കൃത്യത ഉറപ്പാക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമായി ഭാവിയിൽ ഓൺലൈൻ റിസർവേഷൻ സൗകര്യവും ഇലക്ട്രിക് ബസുകളും പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു.

Tags

Share this story

From Around the Web