കെ.എസ്.ആര്.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
Oct 16, 2026, 18:18 IST
ഈരാറ്റുപേട്ട: കളത്തൂക്കടവിന് സമീപം കെ.എസ്.ആര്.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മുണ്ടക്കയം കൊക്കയാര് കമലാഭവനില് കൃഷ്ണന്റെ മകൻ ശിവകൃഷ്ണ(24)യാണ് മരിച്ചത്.
വലിയമംഗലം സോമില്ലിന് സമീപത്ത് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
തൊടുപുഴയിലേക്കു പോകുകയായിരുന്ന ശിവ മുന്നിൽപ്പോയ കാറിനെ ഓവര്ടേക്ക് ചെയ്യവെയാണ് അപകടമുണ്ടായത്.
റോഡിനു നടുവിലെ വെള്ളലൈനില് കയറി തെന്നിയ ബൈക്ക് എതിരേ വന്ന കെ.എസ്.ആര്.ടി.സി. ബസിനു മുന്നില് ഇടിക്കുകയായിരുന്നു. റോഡില് തെറിച്ചുവീണ യുവാവിന്റെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി.
തൃശൂരിൽനിന്നും അടൂരിലേക്കു പോവുകയായിരുന്ന റാന്നി ഡിപ്പോയിലെ ബസിലാണ് ബൈക്ക് ഇടിച്ചു കയറിയത്. മഴ പെയ്തിരുന്നതാണ് ബൈക്ക് നിയന്ത്രണംവിടാന് കാരണമായത്.