യാത്രാതിരക്കിന് പരിഹാരമായി കെ.എസ്.ആര്‍.ടി.സി; പ്രൈവറ്റ് ആഡംബര ടൂറിസ്റ്റ് ബസുകള്‍ വാടകയ്ക്ക് എടുക്കുന്നു?

 
ksrtc special service



ഉത്സവകാലത്തെയും തിരക്കേറിയ സീസണുകളിലെയും യാത്രാക്ലേശം പരിഹരിക്കാന്‍ പുതിയ നീക്കവുമായി കെ.എസ്.ആര്‍.ടി.സി. ഇതിന്റെ ഭാഗമായി സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ വാടകയ്ക്ക് എടുത്തുതുടങ്ങി. 


പ്രാഥമിക ഘട്ടമായി തൃശൂര്‍ ആസ്ഥാനമായുള്ള പ്രമുഖ ട്രാവല്‍സുകളില്‍ നിന്നാണ് ബസുകള്‍ വാടകയ്ക്ക് എടുത്തിട്ടുള്ളത്. ജീസസ് ട്രാവല്‍സ്, ഐ.സി തുടങ്ങിയ കമ്പനികളില്‍ നിന്നായി ഏകദേശം അഞ്ചോളം ബസുകളാണ് ഇപ്പോള്‍ സര്‍വീസിനായി ഏറ്റെടുത്തിരിക്കുന്നത്.

ഡ്രൈവര്‍ സഹിതമാണ് ഈ ബസുകള്‍ വാടകയ്ക്ക് എടുത്തിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. കിലോമീറ്റര്‍ അടിസ്ഥാനത്തിലാണ് വാഹന ഉടമകള്‍ക്ക് പ്രതിഫലം നല്‍കുന്നത്. 


അതേസമയം, ബസുകളിലെ ടിക്കറ്റ് വിതരണത്തിനായി കണ്ടക്ടര്‍മാരെ കെ.എസ്.ആര്‍.ടി.സിയാണ് നിയോഗിക്കുന്നത്. പ്രത്യേകിച്ചും ബെംഗളൂരു റൂട്ടില്‍ ആവശ്യത്തിന് ബസുകള്‍ ഇല്ലാത്തത് യാത്രക്കാരെ വലിയ പ്രതിസന്ധിയിലാക്കാറുണ്ട്. 


ഈ സാഹചര്യത്തില്‍ സ്വകാര്യ ബസുകള്‍ അമിത നിരക്ക് ഈടാക്കുന്നത് തടയാന്‍ കെ.എസ്.ആര്‍.ടി.സിയുടെ ഈ നടപടി സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകും.


ആറുമാസത്തേക്കാണ് കെ.എസ്.ആര്‍.ടി.സി ഇത്തരം ആഡംബര ബസുകള്‍ വാടകയ്ക്ക് എടുക്കുന്നത്. ഓണം, ശബരിമല, ക്രിസ്മസ്, പുതുവത്സര തിരക്കുകള്‍ മുന്നില്‍ക്കണ്ട് 63 ബസുകള്‍ക്കായി നേരത്തെ ടെന്‍ഡര്‍ വിളിച്ചിരുന്നു. ഇതില്‍ സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ വിഭാഗത്തിലുള്ള ബസുകളും ഉള്‍പ്പെടുന്നു. 


അഞ്ച് വര്‍ഷത്തില്‍ താഴെ മാത്രം പഴക്കമുള്ളതും ആവശ്യമായ രേഖകളുള്ളതുമായ ബസുകളാണ് സര്‍വീസിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ബസുകളില്‍ കെ.എസ്.ആര്‍.ടി.സി ലോഗോ പതിക്കുമെന്നും, അറ്റകുറ്റപ്പണികളുടെ ഉത്തരവാദിത്തം ഉടമകള്‍ക്കായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags

Share this story

From Around the Web