കെഎസ്ആര്‍ടിസിയെ ഇടത് സര്‍ക്കാര്‍ തിരിച്ചു കൊണ്ടുവരുന്നു; പെന്‍ഷനും ശമ്പളവും ഇനി മുടങ്ങില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ചരിത്രവിജയത്തില്‍ ഇടത് സര്‍ക്കാറിന്റെ ഫലപ്രദമായ ഇടപെടലിന്റെ ഫലമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍.
തിങ്കളാഴ്ച കെഎസ്ആര്‍ടിസി 13 കോടി രണ്ട് ലക്ഷം രൂപയെന്ന റെക്കോര്‍ഡ് പ്രതിദിന വരുമാനം തൊട്ടിരുന്നു. കെഎസ്ആര്‍ടിസിയെ ഇടതു സര്‍ക്കാര്‍ തിരിച്ച് കൊണ്ടുവരുകയാണെന്ന് മന്ത്രി പറഞ്ഞു.
പുതിയ വാഹനങ്ങളും പുതിയ പരിഷ്‌കാരങ്ങളും ഫലം ചെയ്തു. പെന്‍ഷനും ശമ്പളവും ഇനി മുടങ്ങില്ലെന്നും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാല്‍ കെ എസ് ആര്‍ടിയുടെ ഗുഡ് വില്‍ അമ്പാസിഡറാകുമെന്ന വിവരവും മന്ത്രി പങ്കുവെച്ചു. മോഹന്‍ലാല്‍ ഇതിന് സന്നദ്ധത അറിയിച്ചതായി അദ്ദേഹം പറഞ്ഞു. പ്രതിഫലം വാങ്ങാതെ മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കും. ഇത് കെഎസ്ആര്‍ടിസിക്ക് വലിയ ഗുണം ചെയ്യുമെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.
കളക്ഷന്‍ വര്‍ദ്ധനവിന് കാരണം ശബരിമല മാത്രമല്ലെന്നും മന്ത്രി വ്യക്തമാക്കി. അല്ലാതെ തന്നെ കളക്ഷന്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ശബരിമലയില്‍ മണിക്കൂറില്‍ 100 വാഹനങ്ങള്‍ സര്‍വീസ് ചെയ്യുന്നുണ്ട്. റൂട്ടുകള്‍ ശാസ്ത്രീയമാക്കി.
മാറ്റങ്ങളില്‍ ജീവനക്കാരുടെ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. മാറ്റത്തിന്റെ സന്ദേശം ജീവനക്കാര്‍ ഏറ്റെടുത്തു. പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ മുഖ്യമന്ത്രി പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയെന്നും അത് ഗുണം ചെയ്‌തെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു
ബഡ്ജറ്റ് ടൂറിസത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ബിസിനസ് ക്ലാസ് ബസുകള്‍ ഉടന്‍ പുറത്തിറങ്ങും. 35 സീറ്റുള്ള രണ്ടു ബസുകള്‍ വാങ്ങും. തിരുവനന്തപുരം എറണാകുളം റൂട്ടിലാകും ഓടുക എന്നും അദ്ദേഹം അറിയിച്ചു.