ഇനി വാട്സ്ആപ്പിലൂടെ കെ എസ് ആര്‍ ടി സി ടിക്കറ്റ് ബുക്ക് ചെയ്യാം. 9447071021 എന്ന നമ്പറിലേക്ക് മെസേജ് അയച്ചാല്‍ മതി. 24 മണിക്കൂര്‍ സേവനം
എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്ന് ഗതാഗത മന്ത്രി സി.പി ജോണ്‍.
കെഎസ്ആര്‍ടിസിയുടെ എഐ അധിഷ്ഠിത വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 149 എന്ന ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പര്‍, നവീകരിച്ച കൊറിയര്‍ സര്‍വീസ് എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിനു മുമ്പ് തിരുവിതാംകൂര്‍ ആരംഭിച്ച കെഎസ്ആര്‍ടിസി നിരവധി പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ടെന്നും സര്‍ക്കാരിന്റെ ശക്തമായ പിന്തുണയോടെയാണ് ഇന്ന് സ്ഥാപനത്തെ മുന്നോട്ടു കൊണ്ടുപോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ധനകാര്യ വകുപ്പിന്റെ പിന്തുണ ലഭിക്കുന്നുണ്ട്.
ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒന്നാം തീയതി തന്നെ ശമ്പളം വിതരണം ചെയ്യുന്ന സംവിധാനം തുടരും.
സ്ത്രീകള്‍ക്കായുള്ള പ്രിയദര്‍ശിനി പദ്ധതി കൂടുതല്‍ ജനകീയമാകുകയാണെന്നും പുതിയ എഐ അധിഷ്ഠിത വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനത്തിലൂടെ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാട്സ്ആപ്പ് ടിക്കറ്റിങ്: ഉപയോഗിക്കാനെളുപ്പം
9447071021 എന്ന ഔദ്യോഗിക വാട്‌സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയച്ചാല്‍ പ്രത്യേക ആപ്പോ രജിസ്‌ട്രേഷനോ ഇല്ലാതെ തന്നെ ചാറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം.
യാത്രാ മാര്‍ഗം, തീയതി, സര്‍വീസ്, സീറ്റ് എന്നിവ തെരഞ്ഞെടുക്കുന്നതും സുരക്ഷിതമായ ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തുന്നതും ഉള്‍പ്പെടെയുള്ള മുഴുവന്‍ ബുക്കിങ് നടപടിക്രമവും വാട്‌സ്ആപ്പ് ചാറ്റിലൂടെ പൂര്‍ത്തിയാക്കാനാകും.
ബുക്കിങ് കഴിഞ്ഞാല്‍ ഇ-ടിക്കറ്റും പി.എന്‍.ആര്‍ വിവരങ്ങളും അതേ ചാറ്റില്‍ ലഭ്യമാകും.
കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാര്‍ക്ക് വേഗത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ഈ സംവിധാനം സഹായിക്കും.