കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി.സ്വകാര്യ ഏജന്‍സിക്ക് നോട്ടീസ്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ കൊറിയര്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സര്‍വീസ് നടത്തിവന്നിരുന്ന സ്വകാര്യ ഏജന്‍സിയായ ആന്ധ്രാപ്രദേശ് ആസ്ഥാനമായ Singu സൊല്യൂഷന്‍സിന് കരാര്‍ അവസാനിപ്പിക്കുന്നതിനുള്ള നോട്ടീസ് കെഎസ്ആര്‍ടിസി നല്‍കി. ഇതോടെ നിലവില്‍ കൊറിയര്‍ ബുക്കിങ് പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്.
സര്‍വീസിന്റെ നിലവാരം മോശമാണെന്ന വ്യാപക പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. കൊറിയര്‍ വിതരണം വൈകുന്നതും സേവനത്തിലെ വീഴ്ചകളും സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതായാണ് വിവരം.
ആദ്യഘട്ടത്തില്‍ കെഎസ്ആര്‍ടിസി നേരിട്ടാണ് കൊറിയര്‍ സര്‍വീസ് നടത്തിവന്നിരുന്നത്. മികച്ച വരുമാനവും സേവനത്തിന് ലഭിച്ചിരുന്നു. പിന്നീട് കൂടുതല്‍ പ്രൊഫഷണല്‍ രീതിയില്‍ സേവനം വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ ഏജന്‍സിയെ ചുമതല ഏല്‍പ്പിച്ചത്.
കൊറിയര്‍ സര്‍വീസ് വീണ്ടും കാര്യക്ഷമമായി പുനരാരംഭിക്കുന്നതിനായി പുതിയ ടെന്‍ഡര്‍ ക്ഷണിക്കാനുള്ള നടപടികള്‍ കെഎസ്ആര്‍ടിസി ആരംഭിച്ചതായാണ് സൂചന.