മണ്ഡലകാല മകരവിളക്ക് മഹോത്സവ സര്‍വീസ് വിജയകരമാക്കി കെഎസ്ആര്‍ടിസി

 
ksrtc


പത്തനംതിട്ട:ഇത്തവണത്തെ മണ്ഡല മകരവിളക്ക് മഹോത്സവ കാലത്തിനു തിരശ്ശീല വീഴുമ്പോള്‍ വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കിയിരിക്കുകയാണ് നമ്മുടെ കെഎസ്ആര്‍ടിസി. 

കെഎസ്ആര്‍ടിസിയെ സംബന്ധിച്ചിടത്തോളം അതീവപ്രാധാന്യമുള്ള ഒരു മണ്ഡലപൂജ മകരവിളക്ക് മഹോത്സവകാലമാണ് കടന്നുപോയത്.

2025 ഒക്ടോബര്‍,നവംബര്‍ മാസങ്ങളില്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടത്തിയ വിവിധ അവലോകന യോഗങ്ങളുടെ തുടര്‍ച്ചയായി ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്‌കുമാറിന്റെ അദ്ധ്യക്ഷതയില്‍ വിവിധ തലങ്ങളില്‍ അവലോകന യോഗങ്ങള്‍ നടന്നിരുന്നു. 


പമ്പയില്‍ നടന്ന ഫൈനല്‍ അവലോകന യോഗത്തിന്റെയും തീരുമാനങ്ങള്‍ അനുസരിച്ച് ഏറെ വ്യത്യസ്തവും ഫലപ്രദവുമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതനുസരിച്ച് കെ എസ് ആര്‍ ടി സി  സ്‌പ്പെഷ്യല്‍ സര്‍വീസ് ക്രമീകരണങ്ങള്‍ കൃത്യമായ പ്ലാനിംഗ് പ്രകാരം നടപ്പിലാക്കി.

ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വളരെ മുന്നേ തന്നെ ആരംഭിച്ച കെഎസ്ആര്‍ടിസി സര്‍വ്വ സജ്ജമയിരുന്നു. ചീഫ് ഓഫീസ് തലത്തില്‍ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടന്ന നിരന്തര മീറ്റിങ്ങുകളുടെ ഫലമായി ബസ്സുകളുടെ മെയിന്റനന്‍സ് വളരെ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. 

ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്, സ്റ്റോര്‍ വിഭാഗത്തിലെ എല്ലാ ജീവനക്കാര്‍ക്കും സൂപ്പര്‍വയ്റി വിഭാഗം ജീവനക്കാര്‍ക്കും പ്രഗല്‍ഭരായ ട്രെയിനര്‍മാരെ ഉപയോഗിച്ച് ട്രെയിനിംഗും പൂര്‍ത്തിയാക്കിയിരുന്നു. എല്ലാ വിഭാഗം ജീവക്കാര്‍ക്കും കേരള ഫയര്‍ ഫോഴ്‌സുമായി സഹകരിച്ച് ഫയര്‍ & സേഫ്റ്റി ട്രെയിനിംഗ് കൂടി നല്‍കിരുന്നു. 

കൂടാതെ ശബരിമല സ്‌പെഷ്യല്‍ സര്‍വീസിനായി നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു. സംസ്ഥാന പോലീസ്, ദേവസ്വം ബോര്‍ഡ്, മോട്ടോര്‍ വാഹന വകുപ്പ്, ഫോറസ്റ്റ്, ഫയര്‍ ഫോഴ്‌സ് തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്‌പെഷ്യല്‍ സര്‍വീസുകള്‍ സുഗമമായി നടത്തുന്നതിനുവേണ്ട മുന്നൊരുക്കങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നു.


മണ്ഡലകാലത്ത് ഏതാണ്ട് 480 ബസ്സുകള്‍ സര്‍വീസ് നടത്തുകയും മകരവിളക്കിന് ഏത് അടിയന്തര സാഹചര്യത്തിലും ഉപയോഗിക്കാവുന്ന വിധത്തില്‍ 1000 ബസ്സുകള്‍ പൂള്‍ ചെയ്യുകയും ചെയ്തിരുന്നു. 

ഒരേ ദിശയില്‍ മണിക്കൂറില്‍ നൂറോളം ബസ്സുകളാണ് പമ്പയിലേക്കും നിലയ്ക്കലേക്കും സര്‍വീസ് നടത്തിയത്. തീര്‍ത്ഥാടകര്‍ക്ക് യാതൊരു ബുദ്ധിമുട്ടും വരാത്ത തരത്തില്‍ ഈ വര്‍ഷം സ്റ്റാന്‍ഡിംഗ് യാത്ര ഒഴിവാക്കി സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ചുള്ള യാത്രക്കാരെ മാത്രമാണ് ബസുകളില്‍ അനുവദിച്ചിരുന്നത്.

ഡിജിറ്റല്‍ യുപിഐ പെയ്‌മെന്റുകള്‍, ട്രാവല്‍ കാര്‍ഡ്, പമ്പയിലും നിലക്കലും സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് സംവിധാനങ്ങള്‍, ടിക്കറ്റ് വെന്‍ഡിങ് മെഷീന്‍, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം തുടങ്ങി ഇന്ത്യന്‍ പൊതുഗതാഗത രംഗത്ത് മാതൃകയാക്കാവുന്ന നൂതന സാങ്കേതിക വിദ്യകള്‍ അവലംബിച്ചുള്ള സൗകര്യങ്ങള്‍ ഈ വര്‍ഷം കെഎസ്ആര്‍ടിസി മണ്ഡല മകരവിളക്ക് തീര്‍ത്ഥാടകര്‍ക്കായി നടപ്പിലാക്കി.


എല്ലാ ബസ്സുകളും കൃത്യമായി പീരിയോഡിക് മെയിന്റനന്‍സിന് വിധേയമാക്കുകയും ബസ്സുകള്‍ വൃത്തിയായി ശുദ്ധിയായും പരിപാലിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുകയും ഇവ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ച് സി എം ഡി  സ്‌ക്വാഡ് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. 

കൂടാതെ ബസുകളുടെയും ഡിപ്പോകളുടെയും ക്ലീനിങ് സംബന്ധമായ പ്രവര്‍ത്തങ്ങള്‍ ഹൗസ് കീപ്പിങ് വിഭാഗം സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു.

മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്ന് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായി ബസ് പാര്‍ക്ക് ചെയ്ത് ഭക്ഷണം കഴിക്കാവുന്ന ഹോട്ടലുകള്‍ കണ്ടെത്തി. 

കെഎസ്ആര്‍ടിസി മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ക്യാമ്പ് ഒരുക്കി, നിരവധി ഭക്തന്മാര്‍ക്കും ജീവനക്കാര്‍ക്കും പ്രാഥമിക ചികിത്സയും മരുന്നുകളും നല്‍കി.


നിലയ്ക്കലിലും പമ്പയിലും ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട താമസവും ഭക്ഷണ സൗകര്യവും ഒരുക്കി. പത്തനംതിട്ട യൂണിറ്റിലെ തൊഴിലാളി സംഘടനകളുടെ കൂട്ടായ പ്രവര്‍ത്തനത്തോടെ ജീവനക്കാര്‍ക്ക് മൂന്ന് നേരത്തെ ഭക്ഷണവും വിവിധ യൂണിറ്റുകളില്‍ ലഘുഭക്ഷണ കിറ്റുകളും വിതരണം ചെയ്തു.

പമ്പ, നിലക്കല്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ വിഭാഗം ജീവനക്കാരുടെയും കഠിന പരിശ്രമം മൂലം സര്‍ക്കാര്‍ ഏല്‍പ്പിച്ച ദൗത്യം പരാതികളില്ലാതെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഇത് കെ എസ് ആര്‍ ടി സിയ്ക്കും വകുപ്പിനും അഭിമാനകരമാണ്.

Tags

Share this story

From Around the Web