കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പ്രവർത്തനം മെച്ചപ്പെട്ടു, ഓണത്തിന് ശമ്പളത്തിനൊപ്പം ബോണസും നൽകും: മന്ത്രി കെ ബി ഗണേഷ് കുമാർ
Aug 22, 2025, 18:13 IST

തിരുവനന്തപുരം: ശമ്പളം കൃത്യമായി ലഭിച്ചു തുടങ്ങിയതിന് ശേഷം കെ എസ് ആർ ടി സി ജീവനക്കാരുടെ പ്രവർത്തനം മെച്ചപ്പെട്ടുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ഇക്കുറി ഓണത്തിന് ജീവനക്കാർക്ക് ശമ്പളത്തിനൊപ്പം ബോണസും നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആർടിസിയിൽ ഇനി ആർക്കും അഴിമതി നടത്താൻ കഴിയില്ല. എല്ലാ പ്രവർത്തനങ്ങളും സോഫ്റ്റ്‌വെയർ വഴിയാക്കി. ഓരോ ചെലവും വരവും സിഎംഡിക്ക് തത്സമയം കാണാൻ കഴിയും.
കെഎസ്ആർടിസിയുടെ 58 ഓളം അക്കൗണ്ടുകൾ ഒഴിവാക്കി ഒറ്റ അക്കൗണ്ടിലേക്ക് ഇടപാടുകൾ മാറ്റി. കെഎസ്ആർടിസിയിൽ നടപ്പാക്കിയ 50 പരിഷ്കാരങ്ങളും വിജയിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
ഇനിമുതൽ കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ എല്ലാം എ ഐ അധിഷ്ഠിത സോഫ്റ്റ്‌വെയർ വഴിയാണ്. സോഫ്റ്റ്‌വെയർ വാങ്ങിയെന്നും മന്ത്രി പറഞ്ഞു.