ഗവി പാതയിൽ കെഎസ്ആർടിസി ബസ് വഴിയിൽ കുടുങ്ങി, ബസിലുണ്ടായിരുന്നത് അനുവദനീയമായതിലുമധികം യാത്രക്കാർ

 
p098888

പത്തനംതിട്ട: ഗവിയിലേക്കുള്ള കെഎസ്ആർടിസി പ്രിയദർശിനി ബസ് വനമധ്യത്തിൽ ബ്രേക്ക് ഡൗണായി. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് രാവിലെ ആറരയ്ക്ക് പുറപ്പെട്ട ബസ്, ഗവിയിൽ നിന്ന് 30 കിലോമീറ്റർ അകലെ കാറ്റാടിക്കുന്നിലെത്തിയപ്പോഴാണ് സാങ്കേതിക തകരാറിനെത്തുടർന്ന് നിർത്തിയിട്ടത്.

35 സീറ്റുകളുള്ള ബസിൽ എഴുപതോളം യാത്രക്കാരുമായാണ് സർവീസ് നടത്തിയത്. എയർ ലീക്ക് ആണ് തകരാറിന് കാരണമെന്ന് പ്രാഥമിക നിഗമനം. ബസിൽ ഉണ്ടായിരുന്ന മെക്കാനിക്കിന്റെ നേതൃത്വത്തിൽ തകരാർ പരിഹരിച്ചതിനെത്തുടർന്ന് പിന്നീട് യാത്ര തുടരാനായി. വനപാതയിലെ അപകടകരമായ വളവുകളും മോശം റോഡുകളും കണക്കിലെടുക്കുമ്പോൾ ഇത്രയധികം യാത്രക്കാരെ കുത്തിനിറച്ചുള്ള യാത്ര വലിയ സുരക്ഷാ ഭീഷണിയാണെന്ന പരാതി ശക്തമാണ്. കൂടാതെ, വനമേഖലയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും മൊബൈൽ റേഞ്ച് ഇല്ലാത്തതും ആശങ്ക വർധിപ്പിക്കുന്നു.

യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന ആവശ്യമുയർന്നതോടെ, ഇന്നുമുതൽ ഗവി പ്രിയദർശിനി ബസിലെ പരമാവധി യാത്രക്കാരുടെ എണ്ണം 55 ആയി നിജപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. എങ്കിലും, സീറ്റിംഗ് കപ്പാസിറ്റിക്ക് മുകളിൽ ആളുകളെ കയറ്റുന്നതിനെതിരെ സ്ഥിരം യാത്രക്കാരും തദ്ദേശവാസികളും പ്രതിഷേധത്തിലാണ്.

പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്ക് ദിവസവും രാവിലെ അഞ്ചരയ്ക്കും ആറരയ്ക്കുമായി രണ്ട് ട്രിപ്പുകൾ മാത്രമാണുള്ളത്. യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം നാട്ടുകാർ വീണ്ടും ഉയർത്തുകയാണ്. മഴക്കാലമായതിനാൽ വനപാത കൂടുതൽ അപകടകരമായ സാഹചര്യത്തിൽ, ബസുകളിലെ അമിതഭാരം ഒഴിവാക്കണമെന്ന നിർദ്ദേശം ശക്തമായിരിക്കുകയാണ്.

Tags

Share this story

From Around the Web