യാത്രയ്ക്കിടെ കെ.എസ്.ആര്‍.ടി.സി ബസിന്റെ സ്റ്റിയറിങ് ഊരിപ്പോയി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി
കൊടുവായൂര്‍: യാത്രയ്ക്കിടെ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ സ്റ്റിയറിങ് ഊരിപ്പോയി. പല്ലശ്ശനയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന പ്രിയദര്‍ശിനി ബസിനാണ് ചൊവ്വാഴ്ച (നവംബര്‍ 24) ഉച്ചയ്ക്ക് 12 മണിയോടെ അപകടമുണ്ടായത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി.
കൊടുവായൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍ നിന്ന് യാത്രക്കാരെ കയറ്റിയ ശേഷം ബസ് അല്പദൂരം മുന്നോട്ട് നീങ്ങിയപ്പോഴാണ് സ്റ്റിയറിങ് ഇളകിപ്പോന്നത്. ഈ സമയം സ്‌കൂളില്‍ കലോത്സവം നടക്കുന്നതിനാല്‍ റോഡില്‍ നിരവധി വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. സ്റ്റോപ്പില്‍ നിന്ന് എടുത്തയുടനെയായതിനാല്‍ ബസിന് വേഗത കുറവായിരുന്നു. ഇതുമൂലം ഡ്രൈവര്‍ക്ക് ബസ് സുരക്ഷിതമായി നിര്‍ത്താന്‍ സാധിച്ചു. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ ഇറക്കി മറ്റൊരു കെ.എസ്.ആര്‍.ടി.സി. ബസില്‍ അയച്ചു.