മന്ത്രി കെ ബി ഗണേഷ് കുമാര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ശകാരിച്ച കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം:മന്ത്രി കെ ബി ഗണേഷ് കുമാര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ശകാരിച്ച കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം. സര്‍വീസിനിടെ ഇന്ന് ബസ്സിനുള്ളില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്ഥലം മാറ്റിയ നടപടി റദ്ദ് ചെയ്തിട്ടില്ലെന്ന് വിവരമറിഞ്ഞ ഉടനെയാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതെന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചു. ഇന്നലെയാണ് പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫ്, സൂപ്പര്‍വൈസറുടെ ചുമതലയുണ്ടായിരുന്ന ഡ്രൈവറായ സജീവ് എന്നിവരെ തൃശ്ശൂരിലേക്ക് സ്ഥലംമാറ്റി ഉത്തരവിറക്കിയത്. ഇവരെ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ്‌കുമാര്‍ ശകാരിക്കുകയും ചെയ്തിരുന്നു.
അതേസമയം ബസിനുള്ളില്‍ കുപ്പിവെള്ള ബോട്ടിലുകള്‍ സൂക്ഷിച്ചതിന് കെ എസ് ആര്‍ ടി സി ജീവനക്കാരെ സ്ഥലംമാറ്റിയ നടപടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടിഡിഎഫ് നാളെ ഹൈക്കോടതിയെ സമീപിക്കും. സ്ഥലംമാറ്റിയ ഉത്തരവ് പിന്‍വലിച്ചിട്ടില്ലെന്ന് സിഎംഡിയുടെ അറിയിപ്പിനെ തുടര്‍ന്നാണ് യൂണിയന്റെ തീരുമാനം.