ഇലക്ട്രിക് ബസുകളെ കൈയൊഴിഞ്ഞ് കെഎസ്ആര്‍ടിസി; വിവിധ ഡിപ്പോകളിലായി നശിക്കുന്നത് 53 ബസുകള്‍
തിരുവനന്തപുരം: കോടികള്‍ മുടക്കി വാങ്ങിയതും സ്മാര്‍ട്ട് സിറ്റി പദ്ധതിയിലൂടെ ലഭിച്ചതുമായ ഇലക്ട്രിക് ബസുകള്‍ അറ്റകുറ്റപ്പണി നടത്താതെ ഉപേക്ഷിച്ച് കെഎസ്ആര്‍ടിസി. തിരുവനന്തപുരം ഉള്‍പ്പെടെ വിവിധ ഡിപ്പോകളിലായി 53 ഇലക്ട്രിക് ബസുകളാണ് മാസങ്ങളായി സര്‍വീസ് നടത്താനാകാതെ കിടക്കുന്നത്.
ഇതില്‍ പല ബസുകളും തുരുമ്പെടുത്ത് നശിക്കാനും തുടങ്ങിയിട്ടുണ്ട്. ശബരിമല തീര്‍ഥാടന സീസണ്‍ പുരോഗമിക്കുമ്പോഴും തകരാറിലായ ബസുകള്‍ നിരത്തിലിറക്കാന്‍ നടപടിയിയായിട്ടില്ല.
തിരുവനന്തപുരം നഗരത്തിലും പ്രധാന ടൗണുകളിലും സര്‍വീസ് നടത്തിയിരുന്ന ഇലക്ട്രിക് ബസുകള്‍ നിരത്തില്‍ നിന്ന് അപ്രത്യക്ഷമാകുകയാണ്. പാപ്പനംകോട് ഡിപ്പോയില്‍ മാത്രം പത്ത് ഇലക്ട്രിക് ബസുകളാണ് തകരാറിലായി കിടക്കുന്നത്.
പ്രിയദര്‍ശിനി, സിറ്റി ഫാസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ളവ അറ്റകുറ്റപ്പണികളില്ലാതെ തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയിലാണ്. സിറ്റി ഡിപ്പോയില്‍ 18 ബസുകളാണ് ഗ്യാരേജില്‍ കയറ്റിയിട്ടിരിക്കുന്നത്.
പേരൂര്‍ക്കടയില്‍ ഏഴ്, വികാസ് ഭവനില്‍ നാല്, കാട്ടാക്കടയില്‍ മൂന്ന്, നെയ്യാറ്റിന്‍കരയില്‍ അഞ്ച്, ആറ്റിങ്ങലില്‍ നാല് എന്നിങ്ങനെയാണ് മറ്റ് ഡിപ്പോകളിലെ കണക്കുകള്‍. തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനായി നല്‍കിയ രണ്ട് ഇലക്ട്രിക് ബസുകളും സര്‍വീസ് നടത്താനാകാതെ കിടക്കുകയാണ്.
കിഫ്ബിയില്‍ നിന്ന് 47.5 കോടി രൂപ വായ്പയെടുത്ത് വാങ്ങിയ പി.എം.ഐ കമ്പനിയുടെ ഇലക്ട്രിക് ബസുകളാണ് പ്രധാനമായും കട്ടപ്പുറത്തുള്ളത്. ഒരു ബസിന് ഏകദേശം 92 ലക്ഷം രൂപയാണ് വില. എന്നാല്‍ ആവശ്യമായ സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യതക്കുറവാണ് അറ്റകുറ്റപ്പണി വൈകുന്നതിന് കാരണമെന്നാണ് മെക്കാനിക്കുകള്‍ പറയുന്നത്.
തകരാറിലായ ബസുകള്‍ നന്നാക്കി സര്‍വീസിന് സജ്ജമാക്കുന്നതില്‍ അധികൃതര്‍ക്ക് വേണ്ടത്ര താല്‍പര്യമില്ലെന്നും ആരോപണമുണ്ട്.കോടികള്‍ ചെലവഴിച്ച് നിരത്തിലിറക്കിയ ബസുകള്‍ പരിപാലനമില്ലാതെ നശിക്കുമ്പോള്‍ പൊതുഖജനാവിന് ഉണ്ടാകുന്ന നഷ്ടവും ചോദ്യചിഹ്നമാകുകയാണ്.