സ്മാര്‍ട്ടാകാതെ കെഎസ്ഇബി; മീറ്റര്‍ വന്നിട്ടും റീഡിങ് ഇപ്പോഴും പഴയപടി. 50 ലക്ഷം മീറ്ററുകള്‍ കൂടി വാങ്ങാന്‍ നീക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി വിതരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപ്പിലാക്കിയ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ലക്ഷ്യം കാണുന്നില്ല. ആദ്യഘട്ടത്തില്‍ ലക്ഷ്യമിട്ട സ്മാര്‍ട്ട് മീറ്ററുകളില്‍ ഭൂരിഭാഗവും സ്ഥാപിച്ചെങ്കിലും, ബില്ലിംഗും റീഡിങ്ങും ഇപ്പോഴും പഴയപടി ജീവനക്കാര്‍ നേരിട്ടെത്തിയാണ് നടത്തുന്നത്.
ആവശ്യമായ സോഫ്റ്റ്വെയറുകള്‍ സംയോജിപ്പിക്കാന്‍ കഴിയാത്തതാണ് പദ്ധതി പാളാന്‍ പ്രധാന കാരണം.
ഉപയോക്താക്കള്‍ക്ക് മുന്‍കൂര്‍ പണമടച്ച് വൈദ്യുതി വാങ്ങാമെന്ന ആകര്‍ഷകമായ പ്രഖ്യാപനത്തോടെയാണ് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി തുടങ്ങിയത്. ഇത് വഴി കെഎസ്ഇബിയുടെ കുടിശിക ഒഴിവാക്കാനും പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ടിരുന്നു.
എന്നാല്‍ സോഫ്റ്റ്വെയര്‍ തകരാര്‍ കാരണം മീറ്റര്‍ റീഡര്‍മാര്‍ നേരിട്ടെത്തി റീഡിങ് എടുക്കുന്ന രീതി തന്നെ തുടരേണ്ടി വരുന്നു. ഇതോടെ സ്മാര്‍ട്ട് മീറ്റര്‍ കൊണ്ട് ഉപയോക്താക്കള്‍ക്കോ കെഎസ്ഇബിക്കോ നിലവില്‍ പ്രയോജനമില്ലാത്ത അവസ്ഥയാണ്.
പദ്ധതിയിലെ പോരായ്മകള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, കേന്ദ്ര സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ രണ്ടാംഘട്ട നടപടികളിലേക്ക് കെഎസ്ഇബി കടന്നിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി 50 ലക്ഷം സ്മാര്‍ട്ട് മീറ്ററുകള്‍ കൂടി വാങ്ങാനായി പുതിയ ടെന്‍ഡര്‍ വിളിച്ചു. 3260 കോടി രൂപയുടെ ബൃഹത്തായ പദ്ധതിയാണിത്.
മാസം 150 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍, സൗരോര്‍ജ ഉല്‍പാദകര്‍, പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ എന്നിവര്‍ക്കാണ് രണ്ടാംഘട്ടത്തില്‍ മീറ്ററുകള്‍ നല്‍കുക.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ടോട്ടെക്‌സ് മാതൃകയ്ക്ക് പകരം സംസ്ഥാനം കാപെക്‌സ് മാതൃകയാണ് പിന്തുടരുന്നത്.
ടോട്ടെക്‌സ് മാതൃക കരാര്‍ കമ്പനി തന്നെ മുഴുവന്‍ ചെലവും വഹിച്ച് മീറ്റര്‍ സ്ഥാപിക്കും. ഇതിന്റെ ചെലവ് ഉപയോക്താക്കളില്‍ നിന്ന് ഈടാക്കി കെഎസ്ഇബിക്ക് കൈമാറും.
കാപെക്‌സ് മാതൃക കെഎസ്ഇബി നേരിട്ട് മുതല്‍മുടക്കി മീറ്ററുകള്‍ സ്ഥാപിക്കും. ടോട്ടെക്‌സ് മാതൃകയേക്കാള്‍ പകുതി ചെലവില്‍ പദ്ധതി തീര്‍ക്കാമെന്നാണ് സംസ്ഥാനത്തിന്റെ വാദം. കാപെക്‌സ് മാതൃകയ്ക്ക് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും, കേന്ദ്രത്തില്‍ നിന്നുള്ള 15% ധനസഹായത്തിന്റെ കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
ധനസഹായം ഉറപ്പാക്കാന്‍ കെഎസ്ഇബി വീണ്ടും കേന്ദ്രത്തെ സമീപിക്കാനൊരുങ്ങുകയാണ്.
കെഎസ്ഇബിയുടെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നിലവില്‍ രണ്ട് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫീസുകളും വന്‍കിട ഉപയോക്താക്കളെയും കേന്ദ്രീകരിച്ച് 3 ലക്ഷം മീറ്ററുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും, ഇതുവരെ 1.75 ലക്ഷം മീറ്ററുകള്‍ മാത്രമാണ് പൂര്‍ത്തിയായത്.
രണ്ടാംഘട്ടത്തില്‍ സാധാരണ ഉപയോക്താക്കള്‍ക്കായി 3260 കോടി രൂപ ചിലവില്‍ 50 ലക്ഷം മീറ്ററുകള്‍ കൂടി സ്ഥാപിക്കാനുള്ള ടെന്‍ഡര്‍ നടപടികളിലേക്ക് ബോര്‍ഡ് കടന്നിരിക്കുകയാണ്. മീറ്ററുകള്‍ സ്ഥാപിച്ചെങ്കിലും സോഫ്റ്റ്വെയര്‍ ഏകോപനം നടക്കാത്തതിനാല്‍ ബില്ലിംഗ് ഇപ്പോഴും പഴയ രീതിയില്‍ തന്നെ തുടരുന്നതാണ് നിലവിലെ പ്രധാന പ്രതിസന്ധി.
വൈദ്യുതി ചോര്‍ച്ചയും മോഷണവും തടയുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതി, സോഫ്റ്റ്വെയര്‍ ഏകോപനത്തിലെ പരാജയം മൂലം നിലവില്‍ അധികബാധ്യതയായി തുടരുകയാണ്.