വൈദ്യുതിത്തൂണിൽ ബോധരഹിതനായി കെ.എസ്.ഇ.ബി ജീവനക്കാരൻ. കോതമംഗലത്ത് അഗ്നിരക്ഷാസേനയുടെ സാഹസിക രക്ഷാപ്രവർത്തനം. തുണയായത് ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും മിന്നൽ ഇടപെടൽ
കോതമംഗലം: വൈദ്യുതിത്തൂണിൽ കയറി ജോലി ചെയ്യുന്നതിനിടെ ബോധരഹിതനായ വൈദ്യുത വകുപ്പ് ജീവനക്കാരനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി.
കെ.എസ്.ഇ.ബി നെല്ലിക്കുഴി സെക്ഷൻ ഓഫീസിലെ ലൈൻമാൻ ഹസനാണ് ജോലിക്കിടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ബോധരഹിതനായി പോസ്റ്റിൽ തൂങ്ങിക്കിടന്നത്. വ്യാഴാഴ്ച ഉച്ചയോടെ കോതമംഗലം നങ്ങേലിപ്പടിയിലാണ് നാടിനെ മുൾമുനയിൽ നിർത്തിയ സംഭവം നടന്നത്.
ലാഡർ ഉപയോഗിച്ച് എ.എസ്.ടി.ഒ സതീഷ് ജോസ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സിദ്ദീഖ് ഇസ്മായിൽ എന്നിവർ വൈദ്യുതിത്തൂണിൽ കയറി റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് മറ്റ് സേനാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെ ഇദ്ദേഹത്തെ സുരക്ഷിതമായി താഴെ ഇറക്കി സേനയുടെ ആംബുലൻസിൽ കോതമംഗലം ധർമഗിരി ആശുപത്രിയിൽ എത്തിച്ചു. ലൈൻമാന് ഹൃദയസംബന്ധമായ അസുഖമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
സ്റ്റേഷൻ ഓഫിസർ മുഹമ്മദ് അജ്മൽ ഷായുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കെ.പി. ഷമീർ, ഒ.എ. ആബിദ്, സായി അനുരാഗ്, ഒ.ജി. രാഗേഷ് കുമാർ, പി.കെ. ശ്രീജിത്ത്, ഹോംഗാർഡ്മാരായ സി. ഉണ്ണികൃഷ്ണൻ, എം. സേതു എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.