കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി തുടങ്ങി

കൊച്ചി: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 45-ാം ജനറല്‍ അസംബ്ലി തുടങ്ങി. 13 ന് സമാപിക്കും. ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ നടക്കുന്ന സമ്മേളനം കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു.
കൊച്ചി രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, ഹൈബി ഈടന്‍ എംപി, കെ.ജെ മാക്സ് എംഎല്‍എ, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, സെക്രട്ടറി പാട്രിക് മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.
നെയ്യാറ്റിന്‍കര രൂപതാ സഹായ മെത്രാന്‍ ഡോ. സെല്‍വരാജന്‍, കൊച്ചി മെട്രോപ്പോലീറ്റന്‍ അതോറിറ്റി ചെയര്‍പേഴ്സന്‍ ബെന്നി ഫെര്‍ണാണ്ടസ്, കൊച്ചി തഹസീല്‍ദാര്‍ ഹെര്‍ട്ടിസ് അന്റണി എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു.
അല്മായരുടെ പങ്കാളിത്തം സഭയിലും സമൂഹത്തിലും എന്ന വിഷയത്തില്‍ ഫാ. ബെന്നി പൂത്തറയിലും വിദ്യാഭ്യാസവും സാമൂഹിക മുന്നേറ്റവും എന്ന വിഷയത്തില്‍ തോമസ് കെ. സ്റ്റീഫനും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മെറ്റില്‍ഡ മൈക്കിള്‍ മോഡറേറ്ററായിരുന്നു.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് മോഡറേറ്ററായിരുന്നു.
ജനറല്‍ അസംബ്ലിയില്‍ കേരള ലത്തീന്‍ സഭയിലെ ബിഷപ്പുമാരും എല്ലാ രൂപതകളിലെയും അല്മായ പ്രതിനിധികളും സന്യാസസഭകളുടെ പ്രതിനിധികളും പങ്കെടക്കുന്നുണ്ട്.