ലക്ഷകണക്കിന് വിശ്വാസികള്‍ അണിനിരക്കുന്ന കൃപാസന ജപമാല മഹാറാലി നാളെ
ചേര്‍ത്തല: കലവൂര്‍ കൃപാസനത്തില്‍ നിന്ന് അര്‍ത്തുങ്കല്‍ ബസിലിക്കയിലേക്ക് അഖണ്ഡ ജപമാല മഹാറാലി നാളെ നടക്കും. മൂന്നര ലക്ഷം വിശ്വാസികള്‍ പങ്കെടുക്കുന്ന മഹാറാലി 24ന് പുലര്‍ച്ചെ ഒന്നിനാണ് ആരംഭിക്കുന്നത്.
കൃപാസനം സ്ഥാപക ഡയറക്ടര്‍ ഫാ. ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍ റാലിക്ക് ആത്മീയ നേതൃത്വം നല്‍കും. ബ്രദര്‍ ആര്‍. വിജയകുമാര്‍ കോയമ്പത്തൂര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. തീരദേശപാതയ്ക്കു സമാന്തരമായി സഞ്ചരിക്കുന്ന റാലി വൈകുന്നേരം ആറിന് അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ എത്തും. റെക്ടര്‍ ഫാ. യേശുദാസ് കാട്ടുങ്കല്‍തയ്യില്‍ റാലിയെ വരവേല്‍ക്കും.
തുടര്‍ന്ന് ആലപ്പുഴ ബിഷപ്പ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ സന്ദേശം നല്‍കി സമൂഹബലിയര്‍പ്പിക്കും. നൂറോളം വൈദികര്‍ ചടങ്ങില്‍ പങ്കെടുക്കും.
രാജ്യത്തിന്റെ നന്മയാണ് ജപമാലറാലിയുടെ പ്രധാന നിയോഗമെന്നും നമ്മുടെ രാജ്യം സമാധാനത്തിലും കെട്ടുറപ്പിലും നില്‍ക്കേണ്ടതുണ്ടെന്നും യുദ്ധങ്ങള്‍ ഒഴിവായി ലോകത്തു സമാധാനം പുലരുവാനുള്ള നിയോഗത്തോടെയാണ് പ്രാര്‍ത്ഥന നടത്തുന്നതെന്നും കൃപാസനം ഡയറക്ടര്‍ ഫാ. ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍ പറഞ്ഞു.
റാലിയുടെ വിവിധകേന്ദ്രങ്ങളില്‍ ശുദ്ധജലവിതരണവും പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യവും, ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ റാലിക്കു വേണ്ടിയുള്ള ഒരുക്കങ്ങള്‍ ഏകോപിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കൃപാസനത്തിലേക്ക് കെഎസ്ആര്‍ടിസി പ്രത്യേക ബസ് സര്‍വീസ് നടത്തും.