കൃപാസനം മരിയന്‍ ഉടമ്പടി ധ്യാനങ്ങള്‍ ബര്‍മിങാം ബഥേല്‍ സെന്ററിലും എയ്ല്‍സ്ഫോര്‍ഡ് മരിയന്‍ സെന്ററിലും ആഗസ്റ്റ് ആദ്യവാരം നടക്കും

ലണ്ടന്‍: കാദോഷ് മരിയന്‍ മിനിസ്ട്രീസിന്റെ നേതൃത്വത്തില്‍ യുകെയില്‍ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന കൃപാസനം മരിയന്‍ ഉടമ്പടി ധ്യാനങ്ങള്‍ ബര്‍മിങാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലും എയ്ല്‍സ്ഫോര്‍ഡ് മരിയന്‍ സെന്ററിലും വെച്ച് നടത്തപ്പെടും. ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിലും എയ്ല്‍സ്ഫോര്‍ഡ് മരിയന്‍ സെന്ററില്‍ ആഗസ്റ്റ് ആറ്, ഏഴ് തീയതികളിലുമാണ് കൃപാസനം ഉടമ്പടി ധ്യാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
കൃപാസനം മരിയന്‍ ധ്യാനങ്ങള്‍ക്ക് കണ്ണൂര്‍ ലത്തീന്‍ രൂപതയുടെ അദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ഡോ. അലക്‌സ് വടക്കുംതലയും കൃപാസനം മരിയന്‍ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും ഡയറക്ടറുമായ ഡോ. ജോസഫ് വലിയവീട്ടിലും നേതൃത്വം നല്‍കും. ഇരുവരും അടുത്തയാഴ്ചയോടെ യുകെയില്‍ എത്തുന്നതാണ്. യുകെ റോമന്‍ കത്തോലിക്കാ പള്ളിയുടെ ചാപ്ലിനും തിരുവചന പ്രഘോഷകനുമായ ഫാ. വിങ്സ്റ്റണ്‍ വാവച്ചന്‍, ബ്ര.തോമസ് ജോര്‍ജ്ജ് (ചെയര്‍മാന്‍, കാദോഷ് മരിയന്‍ മിനിസ്ട്രീസ്) തുടങ്ങിയവര്‍ വിവിധ ശുശ്രൂഷകള്‍ നയിക്കും.
കൃപാസനം ഉടമ്പടി ധ്യാനത്തില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂറായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സ്ഥല പരിമിതി കാരണം എയ്ല്‍സ്ഫോര്‍ഡിലെ രജിസ്‌ട്രേഷന്‍ നിര്‍ത്തിവെച്ചതായി കാദോഷ് മിനിസ്റ്ററി അറിയിച്ചു.
ബഥേല്‍ സെന്ററില്‍ നടക്കുന്ന ഉടമ്പടി ധ്യാനത്തിലേക്ക് കുറഞ്ഞ സീറ്റുകള്‍ക്കു കൂടി അവസരമുണ്ട്. ധ്യാനത്തില്‍ പങ്കുചേരുന്നവര്‍ താമസ സൗകര്യം സ്വയം കണ്ടെത്തേണ്ടതാണ്.
പ്രമുഖ മരിയന്‍ പുണ്യകേന്ദ്രവും, പരിശുദ്ധ അമ്മ, വി. സൈമണ്‍ സ്റ്റോക്ക് പിതാവിന് ഉത്തരീയം (വെന്തിങ്ങ) നല്‍കിയ തീര്‍ത്ഥാടന കേന്ദ്രവുമായ എയ്ല്‍സ്ഫോര്‍ഡ് മരിയന്‍ സെന്ററില്‍ വെച്ചും യുകെയില്‍ നിരവധി ആത്മീയ ശുശ്രുഷകള്‍ക്ക് വേദിയൊരുങ്ങുകയും അയ്യായിരത്തിലധികം പേര്‍ക്ക് ഇരിപ്പിടവും വിശാലമായ പാര്‍ക്കിങ് സൗകര്യവും ഉള്ള ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചുമാണ് ഉടമ്പടി ധ്യാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ എട്ടരക്ക് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളില്‍ തുടര്‍ന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുര്‍ബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷ വൈകുന്നേരം നാലരയോടെ സമാപിക്കും.