കോഴിക്കോട് മെഡിക്കല് കോളേജിലെ ചികിത്സാപ്പിഴവ്, പൊലീസ് അന്വേഷണം ശക്തമാക്കി, ചികിത്സാ രേഖകള് സീല് ചെയ്തു
കോഴിക്കോട്: മെഡിക്കല് കോളേജ് ആശുപത്രിയില് ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തില് ചികിത്സാപ്പിഴവ് ആരോപണം ഉയര്ന്നതോടെ പൊലീസ് അന്വേഷണം ഊര്ജിതമാക്കി. വടകര സ്വദേശിയായ തങ്കമണിയാണ് മരിച്ചത്. കേസിന്റെ ഭാഗമായി രോഗിയുടെ ചികിത്സാ രേഖകള് പൊലീസ് സീല് ചെയ്തു.
മെഡിക്കല് കോളേജ് എസിപിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. പോസ്റ്റുമോര്ട്ടം നടത്തിയ ഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി അന്വേഷണ റിപ്പോര്ട്ട് ഡിഎംഒയ്ക്ക് കൈമാറും. തുടര്ന്ന് വിദഗ്ധ മെഡിക്കല് ബോര്ഡ് രൂപീകരിച്ച് അവരുടെ അഭിപ്രായം കൂടി ശേഖരിച്ച ശേഷമായിരിക്കും കേസില് തുടര്നടപടികള് തീരുമാനിക്കുക.
ഗര്ഭാശയം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായാണ് ഒക്ടോബര് 5-ന് തങ്കമണിയെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. ഒക്ടോബര് 8-ന് ശസ്ത്രക്രിയ പൂര്ത്തിയാക്കി വാര്ഡിലേക്ക് മാറ്റിയതിന് പിന്നാലെ രോഗിക്ക് ശക്തമായ പനിയും തുടര്ച്ചയായ ഛര്ദ്ദിയും അനുഭവപ്പെടുകയായിരുന്നു.
തുടര്ന്ന് നടത്തിയ സ്കാനിങ്ങിലാണ് വന്കുടലില് മുറിവേറ്റതായി കണ്ടെത്തിയത്. ഗര്ഭാശയ ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ഈ മുറിവാണ് ശരീരത്തില് ഗുരുതരമായ ഇന്ഫെക്ഷന് കാരണമായതെന്ന് തങ്കമണിയുടെ കുടുംബം ആരോപിക്കുന്നു. ഇന്ഫെക്ഷന് കണ്ടെത്തിയതിനെ തുടര്ന്ന് അടിയന്തരമായി മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.