കോഴിക്കോട് ദുരിതപ്പെയ്ത്ത്. മാവൂരിലും ചാത്തമംഗലത്തും വെള്ളക്കെട്ട്: ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
കോഴിക്കോട്: ജില്ലയില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഞായറാഴ്ച മഴ കുറഞ്ഞെങ്കിലും നിലയ്ക്കാത്ത വെള്ളക്കെട്ടും ദുരിതവും രണ്ടാം ദിവസവും തുടരുന്നു.
നഗരപ്രദേശത്തിന് അടുത്തുള്ള മാവൂര്‍, ചാത്തമംഗലം, പെരുവയല്‍ പഞ്ചായത്തുകളിലാണ് വ്യാപകമായ വെള്ളപ്പൊക്കം. താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലാണ്.
ശനിയാഴ്ച രാത്രിമുതല്‍തന്നെ നിരവധി വീടുകളില്‍ വെള്ളം കയറി. മിക്ക വീട്ടുകാരും ബന്ധുവീടുകളിലേക്കാണ് മാറിത്താമസിച്ചത്. മാവൂര്‍ ഗ്രാമപഞ്ചായത്തിലെ കുറ്റിക്കടവ്, വളയന്നൂര്‍, തെങ്ങിലക്കടവ്, കച്ചേരികുന്ന് എന്നിവിടങ്ങളിലാണ് വീടുകള്‍ ഒഴിഞ്ഞത്.
ശനിയാഴ്ച സന്ധ്യയോടെതന്നെ കച്ചേരികുന്നിലെ രണ്ടു കുടുംബങ്ങള്‍ ബന്ധുവീട്ടിലേക്ക് മാറിത്താമസിച്ചിരുന്നു. ഏകദേശം പതിനഞ്ചോളം വീട്ടുകാരാണ് മാവൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കക്കെടുതി കാരണം വീടുകള്‍ ഒഴിയേണ്ടിവന്നത്.
ചാത്തമംഗലം പഞ്ചായത്തിലെ സങ്കേതം, കോട്ടോല്‍ താഴം, വിരുപ്പില്‍, ഇഷ്ടിക ബസാര്‍, പാഴൂര്‍ മേഖലകളിലും നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ചാത്തമംഗലം സങ്കേതത്തില്‍ മാവൂര്‍ ഫയര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
പെരുവയല്‍ ഗ്രാമപഞ്ചായത്തിലും വെള്ളപ്പൊക്കക്കെടുതി രൂക്ഷമാണ്. പള്ളിക്കടവ്, കായലം ഭാഗങ്ങളിലാണ് വെള്ളപ്പൊക്കത്തിന്റെ തീവ്രത ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത്. ഇവിടെയും വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.
മാവൂര്‍, ചാത്തമംഗലം, പെരുവയല്‍ പഞ്ചായത്തുകളിലൊക്കെ ദുരിതാശ്വാസ ക്യാമ്പുകളും ആരംഭിച്ചു. അംഗന്‍വാടികളും സാംസ്‌കാരിക നിലയങ്ങളും ആളൊഴിഞ്ഞ വീടുകളും കേന്ദ്രീകരിച്ചാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
ചാലിയാറും ഇരുവഞ്ഞിയും ചെറുപുഴയും കരകവിഞ്ഞതോടെ ഇനിയും നിരവധി വീടുകളില്‍ വെള്ളം കയറുമെന്ന ആശങ്കയുണ്ട്.
വെള്ളപ്പൊക്കമേഖലകളില്‍ പ്രധാന റോഡുകള്‍ ഉള്‍പ്പെടെ മിക്ക റോഡുകളും വെള്ളത്തിനടിയിലാണ്. അതുകൊണ്ടുതന്നെ വിവിധ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലുമാണ്. ഇത് പ്രദേശവാസികള്‍ക്ക് മറ്റ് ഭാഗങ്ങളുമായി ബന്ധപ്പെടുന്നതിന് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ഞായറാഴ്ച രാവിലെമുതല്‍ മാവൂര്‍ ഫയര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇത്തരം പ്രദേശങ്ങളില്‍ എത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നുണ്ട്.
കുറ്റിക്കാട്ടൂരില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തോട്ടില്‍ വീണു. ശനിയാഴ്ച രാത്രിയാണ് അപകടം. യാത്രക്കാരെ ഇറക്കി വരുന്ന വഴി പെട്ടെന്ന് നിയന്ത്രണം വിട്ട് കുറ്റിക്കാട്ടൂര്‍ പേര്യ തോട്ടിലേക്ക് ഓട്ടോറിക്ഷ മറിയുകയായിരുന്നു.
അപകടസമയത്ത് ഡ്രൈവര്‍ മാത്രമാണ് ഓട്ടോയിലുണ്ടായിരുന്നത്. വലിയ രീതിയില്‍ ഒഴുക്കുണ്ടായിരുന്ന തോട്ടില്‍ ഓട്ടോറിക്ഷ വീണതോടെ ഡ്രൈവര്‍ തൊട്ടടുത്തുണ്ടായിരുന്ന മരത്തില്‍ പിടിച്ച് രക്ഷപ്പെട്ടു.
പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് ഒഴുകിപ്പോയ ഓട്ടോറിക്ഷ കയര്‍ ഉപയോഗിച്ച് കെട്ടിയിട്ട് ഞായറാഴ്ച രാവിലെയാണ് കരയ്ക്കുകയറ്റിയത്.
മാവൂരില്‍ ചെറുപുഴ കരകവിഞ്ഞ് നിരവധി വീടുകളിലാണ് വെള്ളം കയറിയത്. തെങ്ങിലക്കടവ് ഭാഗത്ത് ചെറുപുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് ശക്തമായ കുത്തൊഴുക്ക് രൂപപ്പെട്ടു.
മാവൂര്‍ ഫയര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഒറ്റപ്പെട്ട വീടുകളിലുള്ളവരെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
നിരവധി അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന തെങ്ങിലക്കടവില്‍ അതിഥിത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറിയിട്ടുണ്ട്.
ബാലുശ്ശേരി ഉണ്ണികുളം മൂന്നാം വാര്‍ഡ് വാകേരിയില്‍ വീട് തകര്‍ന്നു. ശശി പൂളയുള്ളതിലിന്റെ വീടാണ് കനത്ത മഴയില്‍ തകര്‍ന്നുവീണത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ഓടിട്ട മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. ശശിയും ഭാര്യ പത്മിനിയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല.
താമരശ്ശേരി വാടിക്കല്‍ ഓണിപ്പൊയില്‍ ഒ.പി. ചന്ദ്രന്റെ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. ഞായറാഴ്ച പുലര്‍ച്ചെ പെയ്ത ശക്തമായ മഴയിലാണ് കിണര്‍ ഇടിഞ്ഞുതാഴ്ന്നത്.