കോവളം സ്പാ പീഡനക്കേസ്; പെണ്‍കുട്ടിയുടെ മാതൃസഹോദരിയെയും ഭര്‍ത്താവിനെയും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം

 
police


 

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസില്‍ അറസ്റ്റിലായ മാതൃസഹോദരിയെയും ഭര്‍ത്താവിനെയും വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കുട്ടിയെ തമിഴ്നാട്ടിലെത്തിച്ചും ചൂഷണത്തിനിരയാക്കിയെന്നാണ് കണ്ടെത്തല്‍.

പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് പറയുന്നു. കേസില്‍, സ്പാ നടത്തിപ്പുകാരായ സജിത് കുമാറിനെയും നിഷാന്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കോവളത്തെ മൂന്ന് സ്പാകളില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്നാണ് പൊലീസിന് ലഭിച്ച വിവരം. ആയുര്‍കേരള, ഡാലിയ ഹോം, കേരള ആയുര്‍വേദ എന്നീ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് അതിക്രമങ്ങള്‍ നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

മാതാപിതാക്കള്‍ മരിച്ച പെണ്‍കുട്ടിയുടെ സംരക്ഷണച്ചുമതല മാതൃസഹോദരിയും ഭര്‍ത്താവുമാണ് ഏറ്റെടുത്തിരുന്നത്. ചെന്നൈയിലെയും മുംബൈയിലെയും ചില സ്പാകളില്‍വെച്ചും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായാണ് വിവരം.


പീഡനം സഹിക്കാനാകാതെ വന്നതോടെ പെണ്‍കുട്ടി കോവളത്തുവെച്ച് പരിചയപ്പെട്ട യുവാവിനോട് ദുരനുഭവങ്ങള്‍ വെളിപ്പെടുത്തുകയും ഇയാള്‍ക്കൊപ്പം പോവുകയും ചെയ്തു. തുടര്‍ന്ന് മാതൃസഹോദരി നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് പെണ്‍കുട്ടിയുടെ പ്രായവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരം പുറത്തുവന്നത്.

16 വയസ്സും 20 വയസ്സും രേഖപ്പെടുത്തിയ രണ്ട് ആധാര്‍ കാര്‍ഡുകള്‍ പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. പരിശോധനയില്‍ പെണ്‍കുട്ടിക്ക് 16 വയസ്സാണെന്ന് സ്ഥിരീകരിച്ചതോടെ ഷെല്‍ട്ടറിലേക്ക് മാറ്റി.

തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിലാണ് ദീര്‍ഘകാലമായി നേരിട്ട പീഡനങ്ങളെക്കുറിച്ച് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചത്.

Tags

Share this story

From Around the Web