കോവളം സ്പാ പീഡനക്കേസ്; അന്വേഷണച്ചുമതല കണ്‍ട്രോള്‍ റൂം എസിപിക്ക്; കോവളം സിഐ ഉള്‍പ്പെടെ 16 പേര്‍ അടങ്ങുന്ന പ്രത്യേക സംഘം രൂപീകരിച്ചു

 
police


തിരുവനന്തപുരം: നഗരത്തിലെ സ്പാ കേന്ദ്രത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. കേസിന്റെ അന്വേഷണച്ചുമതല തിരുവനന്തപുരം കണ്‍ട്രോള്‍ റൂം എസിപിക്ക് കൈമാറി. കോവളം സിഐ ഉള്‍പ്പെടെ 16 പേര്‍ അടങ്ങുന്ന പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്.

കുട്ടിയെ കൂടുതല്‍ പേര്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടോയെന്നാണ് സംഘം പ്രധാനമായും പരിശോധിക്കുന്നത്. ഇതിനായി സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളും സാന്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസില്‍ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.


കേസുമായി ബന്ധപ്പെട്ട് ഉള്ളൂര്‍ സോണല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്പാ ഇയാളുടെ ബിനാമി സ്ഥാപനമാണെന്നും ഇതില്‍ നിന്നുള്ള വരുമാനം കൈകാര്യം ചെയ്തിരുന്നത് അനുരൂപാണെന്നും പൊലീസ് കണ്ടെത്തി. അറസ്റ്റിന് പിന്നാലെ അനുരൂപിനെ ചുമതലയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി മേയര്‍ അറിയിച്ചിട്ടുണ്ട്.

16 വയസുകാരിയെ തിരുവനന്തപുരത്തെത്തിച്ചത് കേസിലെ മറ്റൊരു പ്രതിയായ സ്പാ ഉടമ സജിത്താണ്. പെണ്‍കുട്ടിയുടെ മാതൃസഹോദരിയുമായി സജിത്തിനെ പരിചയപ്പെടുത്തിയത് ബംഗളൂരുവിലുള്ള ഒരു യുവതിയാണെന്നും തുടര്‍ന്ന് കുടുംബത്തെ കോവളത്ത് എത്തിക്കുകയായിരുന്നുവെന്നുമാണ് വിവരം. കേസില്‍ മനുഷ്യക്കടത്ത് വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

Tags

Share this story

From Around the Web