പിസി ജോർജിനും ഷോണിനും സഭാ വേദികളിൽ വിലക്ക്; പാലാ അരമനയിൽ ഷോണിന് തണുപ്പൻ പ്രതികരണം; 'ഇരുട്ടി വെളുക്കുന്നതല്ല ലോകം' എന്ന് ഓർക്കണമെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ്; ബിജെപി നേതൃത്വം കൈയൊഴിഞ്ഞു

 
 shone george pc george.jpg 0.4

കോട്ടയം: ബിജെപി നേതാക്കളായ പിസി ജോര്‍ജിനെയും മകന്‍ ഷോണ്‍ ജോര്‍ജിനെയും സഭാ വേദികളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ സഭാ തലത്തില്‍ ധരണ ആയതായി സൂചന. സഭയുടെ ഔദ്യോഗിക പരിപാടികളില്‍ ജനപ്രതിനിധികളെ പങ്കെടുപ്പിക്കുമ്പോള്‍ ഇനി മുതല്‍ ഇരുവരെയും ക്ഷണിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വെള്ളിയാഴ്ച പാലായിലെ മുന്‍ ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിന്‍റെ 100 -ാം പിറന്നാള്‍ ആഘോഷ പരിപാടികളില്‍ ഷോണ്‍ ജോര്‍ജ് പങ്കെടുത്തതിനെതിരെ സഭയ്ക്കുള്ളില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. 

എന്നാല്‍ ഷോണ്‍ ജോര്‍ജിനെയോ പിസി ജോര്‍ജിനെയോ പരിപാടികളിലേയ്ക്ക് ക്ഷണിച്ചിരുന്നില്ലെന്ന് രൂപതാ നേതൃത്വം വ്യക്തമാക്കുകയായിരുന്നു.

43 ബിഷപ്പുമാര്‍ പങ്കെടുത്ത പിറന്നാള്‍ ആഘോഷം പാലാ അരമനയിലാണ് നടന്നത്. പാലായിലെ മാത്രം ഉന്നത ജനപ്രതിനിധികളെ പരിപാടിയിലേയ്ക്ക് ക്ഷണിച്ചിരുന്നു.

എന്നാല്‍ പരിപാടി പകുതിയായപ്പോള്‍ സദസിലെത്തിയ ഷോണ്‍ ജോര്‍ജ് വേദിയിലെത്തി മാര്‍ പള്ളിക്കാപ്പറമ്പിലിന് പൂച്ചെണ്ട് നല്‍കുകയായിരുന്നു. എന്നിട്ടും മുന്‍നിരയിലെ സീറ്റുകളിലേയ്ക്ക് ക്ഷണിക്കാന്‍ അവിടെ നിന്ന വേദികര്‍ തയ്യാറായില്ല. ഷോണിന് മുഖം നല്‍കിയതുമില്ല.

തനിയെ പിന്‍നിരയിലെ സീറ്റില്‍ പോയിരുന്ന ഷോണ്‍ പരിപാടി കഴിഞ്ഞ് ബിഷപ്പുമാര്‍ക്കരികിലെത്തി അഭിവാദ്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും തണുപ്പന്‍ പ്രതികരണമായിരുന്നു. 

അതിനിടെ ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയിലിന്‍റെ അടുത്തെത്തിയപ്പോള്‍ അദ്ദേഹം കടുത്ത ഭാഷയില്‍ ഷോണിനെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. 

"ഒരു രാത്രികൊണ്ട് ഇരുട്ടി വെളുക്കുന്നതല്ല ലോകം" എന്ന് മറക്കരുതെന്നായിരുന്നു ബിഷപ്പ് തറയിലിന്‍റെ പ്രതികരണമെന്നാണ് സൂചന. ഇവിടെ വച്ച് കാഞ്ഞിരപ്പള്ളി ബിഷപ്പിനെ കാണാന്‍ ഷോണ്‍ ശ്രമിച്ചെങ്കിലും അതും സാധ്യമായില്ല.

പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ശേഷം നടന്ന സ്നേഹ വിരുന്നിലും ഷോണിനെ ക്ഷണിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. 

പിറ്റേ ദിവസം പിസി ജോര്‍ജും മാര്‍ പള്ളിക്കാപ്പറമ്പിലിന് ആശംസ നേരാന്‍ എത്തിയെങ്കിലും മാര്‍ ജോസഫ് കല്ലറങ്ങാട് അദ്ദേഹത്തിന് കൂടിക്കാഴ്ച അനുവദിച്ചില്ലെന്നതും ശ്രദ്ധേയമായി. 

നേരേ മാര്‍ പള്ളിക്കാപറമ്പിലിന്‍റെ മുറിയിലെത്തി ആശംസ നേര്‍ന്ന് പുറത്തിറങ്ങിയ പിസി ജോര്‍ജിനെ സ്വീകരിക്കാനോ സംസാരിക്കാനോ അവിടെയുണ്ടായിരുന്ന വൈദികരോ ബിഷപ്പ് ഹൗസ് ജീവനക്കാരോ പോലും തയ്യാറായില്ലെന്നതും ശ്രദ്ധേയമായി. 

നേരെ പുറത്തിറങ്ങിയ ജോര്‍ജ് അവിടെവച്ച് മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കി മടങ്ങുകയായിരുന്നു. 

അതേസമയം, ഷോണിന്‍റെയും പിസി ജോര്‍ജിന്‍റെയും പ്രതികരണങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്ന് ഉന്നത ബിജെപി നേതാക്കള്‍ നേരിട്ട് ബിഷപ്പുമാരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മാര്‍ ജോസ് പുളിക്കനുമായും ഉന്നത ബിജെപി നേതാവ് സംസാരിച്ചിരുന്നു.

സഭയുടെ ഷെവലിയര്‍ പദവി നേടി വിവാദത്തിലായ വിസി സെബാസ്റ്റ്യനെതിരെ നടപടി വേണമെന്ന ആവശ്യവും സഭാ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കയാണ് വിവിധ അല്‍മായ സംഘടനകള്‍. 

ബിഷപ്പുമാര്‍ പറയുന്ന ഊളത്തരങ്ങള്‍ കേള്‍ക്കേണ്ടെന്നും ബിജെപിക്ക് വോട്ട് ചെയ്യണമെന്നും വിസി സെബാസ്റ്റ്യന്‍ കന്യാസ്ത്രീ മഠങ്ങളിലെത്തി പറഞ്ഞുവെന്ന് പിസി ജോര്‍ജ് വെളിപ്പെടുത്തിയിരുന്നു.    

Tags

Share this story

From Around the Web