കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടത്തിന് മുകളില്‍ പ്രതിസന്ധി സൃഷ്ടിച്ച രണ്ട് പേരെ താഴെയിറക്കി പൊലീസും അഗ്നിരക്ഷാ സേനാ സംഘവും
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ സ്ത്രീയെയും പുരുഷനെയും സാഹസികമായി താഴെയിറക്കി ഗാന്ധിനഗര്‍ പൊലീസും അഗ്നിരക്ഷാ സേനാ സംഘവും. കണ്ണൂര്‍ അരിങ്ങാലയന്‍ സ്വദേശിയായ യുവാവും, പത്തനംത്തിട്ട ചിറ്റാര്‍ സ്വദേശിനിയായ യുവതിയുമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയുടെ കുട്ടിരിപ്പുകാരായി എത്തിയതായിരുന്നു ഇവര്‍. ഇരുവരും തമ്മിലുള്ള വഴക്കിനെ തുടര്‍ന്നാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. യുവാവ് കെട്ടിടത്തിന് മുകളില്‍ കയറിയ ശേഷം യുവതിയെയെ വിളിച്ചുവരുത്തുകയായിരുന്നു. ഇവരെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്തെത്തി. മെഡിക്കല്‍ കോളേജിലെ ക്വാഷ്വാലിറ്റിക്ക് സമീപം പുതുതായി നിര്‍മ്മിക്കുന്ന ഐസിയു ബ്ലോക്കിന് മുകളില്‍ കയറിയാണ് ഇരുവരും ആത്മഹത്യ ഭീഷണി മുഴക്കിയത്.
തുടര്‍ന്ന് പൊലീസ് സംഘം കെട്ടിടം വളഞ്ഞു. ഇതിനിടെ നിര്‍മ്മാണത്തിനായി കെട്ടിയ കമ്പിയിലൂടെ കയറി പൊലീസ് സംഘവും, അഗ്‌നി രക്ഷാസേനയും മുകളില്‍ കയറി സാഹസികമായി യുവാവിനെ പിടികൂടി. യുവതിയെ അനുനയിപ്പിച്ച് താഴെ ഇറക്കി. തുടര്‍ന്ന് , അത്യാഹിത വിഭാഗത്തില്‍ എത്തിച്ച് ചികിത്സ നല്‍കി.