കോട്ടയം സ്വദേശിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരമല്ല, അമീബയുടെ സാന്നിധ്യം അന്തരീക്ഷത്തിലും: ആരോ​ഗ്യവകുപ്പിന്റെ അതീവ ജാ​ഗ്രതാ നിർദ്ദേശം

 
ame

കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയിൽ മരിച്ച കോട്ടയം സ്വദേശി ശശിയുടെ മരണകാരണം അമീബിക് മസ്‌തിഷ്ക ജ്വരമല്ലെന്ന് റീ പോസ്റ്റ്മോർട്ടം ഫലം. ഹൃദയാഘാതം തന്നെയാണ് മരണകാരണം എന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ റീ പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. 

ഹൃദയാഘാതമാണ് ശശിയുടെ മരണകാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. ഇയാളുടെ കൂടെ താമസിച്ച ചാവക്കാട് സ്വദേശി റഹീം കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. ഒപ്പം താമസിച്ചിരുന്ന ശശിക്കും രോഗമുണ്ടായിരുന്നോ എന്ന് സ്ഥിരീകരിക്കാനാണ് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തിയത്.

അതേസമയം, സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ എണ്ണത്തിലും മരണ സംഖ്യയിലും വർദ്ധന. ഇതോടെ വെള്ളത്തിലിറങ്ങുകയും പൊതു ജലസ്രോതസുകൾ ഉപയോഗിക്കുകയും ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും ആരോ​ഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. 

അമീബയുടെ സാന്നിധ്യം അന്തരീക്ഷത്തിലും

അമീബിക് മസ്തിഷ്ക ജ്വരത്തിനു കാരണമായ അമീബകളുടെ സാന്നിധ്യം അന്തരീക്ഷത്തിലും. വെള്ളത്തിലും ചെളിയിലും കാണപ്പെടുന്ന ‘നേഗ്ലറിയ ഫൗലേറി’ വിഭാഗത്തിനു പുറമെ, രോഗത്തിനു കാരണമാകുന്ന ‘അക്കാന്ത അമീബ’യുടെ സാന്നിധ്യം അന്തരീക്ഷത്തിലും കണ്ടെത്തി. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച അമീബിക് മസ്തിഷ്കജ്വരത്തിൽ ഭൂരിഭാഗവും അക്കാന്ത അമീബ കാരണമാണ്.

അന്തരീക്ഷത്തിലുള്ള അമീബ, ജലകണങ്ങളുമായി ചേർന്ന് ശരീരത്തിലെത്തുന്നതാണ് രോഗകാരണമാകുന്നത്. കുളിക്കുമ്പോൾ ജലത്തിലൂടെ മൂക്കിൽ പ്രവേശിക്കുന്നതാണ് അപകടകരം.

രോഗം റിപ്പോർട്ടുചെയ്യാൻ തുടങ്ങിയ ആദ്യകാലങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലെ അമീബയാണ് രോഗകാരണമെന്നായിരുന്നു ആരോഗ്യവകുപ്പ് കണ്ടെത്തിയത്. വീടുകളിൽ കുളിച്ചവർക്കും നിലവിൽ രോഗബാധ സ്ഥിരീകരിക്കുന്നുണ്ട്. സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നിവയും അമീബിക് മസ്തിഷ്കജ്വരമുണ്ടാക്കുന്നുണ്ട്.

അന്തരീക്ഷത്തിലുള്ള അമീബ വെള്ളത്തിൽ കലർന്ന് മൂക്കിലൂടെ ശരീരത്തിലെത്തുന്നതാണ് രോഗത്തിന് കാരണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ കെ.ജെ. റീന പറഞ്ഞു. രോഗകാരികളായ അമീബയുള്ള വായു ശ്വസിച്ചാൽ രോഗമുണ്ടാകുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ല. അന്തരീക്ഷത്തിലുള്ളവ നേരിട്ട് രോഗമുണ്ടാക്കാമെന്നത് സാധ്യത മാത്രമാണ്.

രോഗകാരണമായ അമീബകളെ പൈപ്പ് വെള്ളത്തിലും കാണപ്പെടുന്നുണ്ട്. ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളത്തിന്റെ ഉപയോഗം അപകടകരമാണ്. 

Tags

Share this story

From Around the Web