വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ കോട്ടയം മെഡിക്കൽ കോളേജിന് വീണ്ടും അഭിമാനനേട്ടം; മസ്തിഷ്ക മരണം സംഭവിച്ച കോഴിക്കോട് സ്വദേശിയുടെ വൃക്ക ഇടുക്കി സ്വദേശിയിൽ വിജയകരമായി തുന്നിച്ചേർത്തു

 
3334444

കോട്ടയം: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ വീണ്ടും നേട്ടവുമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി. മസ്തിഷ്‌ക മരണം സംഭവിച്ച കോഴിക്കോട് ഇരിങ്ങല്‍ സ്വദേശി വിഷ്ണു (20)വിന്റെ ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇടുക്കി സ്വദേശിയായ ബൈജു (46)വില്‍ വിജയകരമായി തുന്നിച്ചേര്‍ത്തു. വിഷ്ണുവിന്റെ കുടുംബം അവയവദാനത്തിന് സന്നദ്ധത അറിയിച്ചതോടെയാണു ശസ്ത്രക്രിയയ്ക്ക് വഴിയൊരുങ്ങിയത്.

കഴിഞ്ഞ തിങ്കളാഴ്ച കടുത്ത തലവേദനയെ തുടര്‍ന്നു വിഷ്ണുവിനെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ തലച്ചോറില്‍ രക്തസ്രാവമുണ്ടായി മസ്തിഷ്‌ക മരണം സംഭവിച്ചു. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയ വിഷ്ണു ഇന്റേണ്‍ഷിപ്പിനായി യു.കെയിലേക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു.

കുടുംബത്തിന്റെ സമ്മതത്തോടെ വിഷ്ണുവിന്റെ കരള്‍, ഒരു വൃക്ക, കോര്‍ണിയകള്‍ എന്നിവ കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കു ദാനം ചെയ്തു. മറ്റൊരു വൃക്കയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗിക്ക് നല്‍കിയത്.

യൂറോളജി വിഭാഗം മേധാവി ഡോ. എ.ടി രാജീവ്, ഡോ.ഫ്രെഡറിക്, ഡോ.സുജിത്, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ.ലത, ഡോ.സൂസന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. നഴ്‌സുമാരായ സബിത, സുമിത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. വിഷ്ണുവിന്റെ കുടുംബത്തിന്റെ തീരുമാനത്തിലൂടെ നിരവധി രോഗികള്‍ക്ക് പുതുജീവന്‍ ലഭിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Tags

Share this story

From Around the Web