കോട്ടയം മെഡി.കോളജ് അപകടം; ബിന്ദുവിൻ്റെ മകൻ സർക്കാർ ജോലിയിൽ പ്രവേശിച്ചു

 
Trivandrum

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിൻ്റെ മകൻ നവനീത് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലിയിൽ പ്രവേശിച്ചു.

നിയമന ഉത്തരവ് ദേവസ്വം മന്ത്രി വി എൻ വാസവൻ കൈമാറി. ദേവസ്വം ബോർഡ് ഓവർസിയറായാണ് നിയമനം. ദേവസ്വം ബോർഡിൽ സ്ഥിരം ജോലി സർക്കാർ വാഗ്ദാനം ചെയ്തിരുന്നു.

ബിന്ദുവിന്റെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. മകളുടെ ചികിത്സ പൂർണമായും സർക്കാർ ഏറ്റെടുത്തിരുന്നു.

മന്ത്രിസഭാ യോ​ഗ തീരുമാനത്തിൽ അനുവദിച്ച പത്ത് ലക്ഷം രൂപ ഉൾപ്പെടെ 10.5 ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു.

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്യത്തിൽ വീട് നവീകരിച്ച് അടുത്തിടെ തോക്കോൽ കൈമാറിയിരുന്നു.

ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളേജിന്റെ വാര്‍ഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് അപകടമുണ്ടായത്.

രോഗിയായ മകള്‍ക്ക് കൂട്ടിരിക്കാനായി ആശുപത്രിയില്‍ എത്തിയ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു കെട്ടിടത്തിനടിയിൽപ്പെട്ട് മരിക്കുകയായിരുന്നു.

ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.

14-ാം വാര്‍ഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ചെറിയ പരിക്കുമുണ്ടായിരുന്നു.

Tags

Share this story

From Around the Web