എം.സി റോഡിലെ കുഴിയിൽ കുരുങ്ങി കോട്ടയം; അറ്റകുറ്റപ്പണി നടത്തിയിട്ടും ഫലമില്ലാതെ അധികൃതരുടെ അനാസ്ഥ
കോട്ടയം: എം.സി. റോഡിലെ കുഴിയില്‍ കുരുങ്ങി നഗരവും. എം.സി. റോഡില്‍ ചൂട്ടുവേലി ജങ്ഷനു സമീപം രൂപപ്പെട്ട കുഴി അടയ്ക്കുന്നതില്‍ അധികൃതര്‍ക്കുണ്ടായ വീഴ്ചയാണ് നൂറുകണക്കിനു യാത്രക്കാരെ വലയ്ക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് ഇവിടെയുള്ള ഹോട്ടലിനു മുന്നിലായി റോഡില്‍ ചെറിയ കുഴി രൂപപ്പെട്ടത്. പിന്നീട് കുഴി അടയ്ക്കാന്‍ താത്കാലിക മാര്‍ഗങ്ങള്‍ പലതും തേടിയെങ്കിലും വിജയിച്ചില്ല. ഒടുവില്‍ രണ്ടാഴ്ച മുൻപ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി കുഴി അടച്ചുവെങ്കിലും ടാറിങ്ങ് കൃത്യമായി ചെയ്യാതില്ല. ഇതോടെ റോഡിന്റെ മുക്കാല്‍ ഭാഗത്തോളം കിടങ്ങായി മാറുകയായിരുന്നു.
കുഴി അടച്ച ശേഷം മെറ്റല്‍ മിശ്രിതം ഉപയോഗിച്ച് അധികൃതര്‍ മൂടി. എന്നാല്‍, വാഹനങ്ങള്‍ കയറി ഇറങ്ങാന്‍ തുടങ്ങിയതോടെ ഈ ഭാഗം പൂര്‍ണമായി തകര്‍ന്നു വന്‍ കിടങ്ങായി മാറുകയായിരുന്നു. കുഴിയില്‍ ചാടാതിരിക്കാന്‍ വാഹനങ്ങള്‍ വേഗം കുറയ്ക്കുന്നതു ഗതാഗതക്കുരുക്കിലേക്കു നയിക്കുകയാണ്. ഏറ്റുമാനൂര്‍ ഭാഗത്തേയ്ക്കു പോകുന്ന വാഹനങ്ങളാണ് വേഗം കുറയ്ക്കുന്നത്. കോട്ടയം ഭാഗത്തേയ്ക്കു വരുന്ന വാഹനങ്ങള്‍ കുഴി ഒഴിവാക്കാന്‍ വശത്തേയ്ക്കു വെട്ടിക്കുന്നത് അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്.
ഒരാഴ്ചയായി രാവിലെയും വൈകിട്ടും മാത്രമാണ് ഗതാഗതക്കുരുക്കു രൂപപ്പെട്ടിരുന്നതെങ്കില്‍ ഇന്നലെ പകല്‍ മുഴുവന്‍ കുരുക്കായിരുന്നു. ചില ഘട്ടങ്ങളില്‍ കുരുക്ക് നാഗമ്പടം വരെയും നഗരത്തിലേക്കും നീണ്ടു. ഏറ്റുമാനൂര്‍ ഭാഗത്തേയ്ക്കു കുമാരനല്ലൂര്‍ വരെ കുരുക്ക് അനുഭവപ്പെട്ടു.
കുരുക്കു മുറുകിയതോടെ എറണാകുളം ഭാഗത്തേയ്ക്കുള്ള ബസുകള്‍ ഉള്‍പ്പെടെ നഗരത്തില്‍ നിന്നു ചുങ്കം വഴി പോയതോടെ യാത്രക്കാരും ദുരിതത്തിലായി. കുരുക്കു തുടര്‍ക്കഥയായിട്ടും ഗതാഗതം നിയന്ത്രിക്കാന്‍ ഇവിടെ പോലീസ് എത്തിയതേയില്ല.
രാത്രികാലങ്ങളില്‍ അപകടവും ഇവിടെ വര്‍ധിച്ചിരുന്നു. കുഴിയുണ്ടെന്നറിയാതെ ഇരുവശത്തും നിന്നും പാഞ്ഞെത്തുന്ന വാഹനങ്ങള്‍ വന്‍ ശബ്ദത്തോടെയാണു കുഴിയില്‍ ചാടുന്നത്. ലോഡുമായി വരുന്നവാഹനങ്ങള്‍ക്കാണു തകരാര്‍ സംഭവിക്കുന്നത്. ഇരുചക്രവാഹനങ്ങളില്‍ എത്തുന്നവര്‍ കുഴിയില്‍ ചാടി മറിയുന്നതും പതിവായി. റോഡ് തകര്‍ച്ചയില്‍ പ്രതിഷേധവുമായി ബി.ജെ.പി. രംഗത്തെത്തിയിട്ടുണ്ട്.