കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ജീവനൊടുക്കാൻ ശ്രമിച്ച സംഭവം, മരണം മൂന്നായി, അച്ഛനും മരിച്ചു
കോട്ടയം: കോട്ടയത്ത് മക്കൾക്ക് വിഷം നൽകിയശേഷം ദമ്പതികൾ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ മരണം മൂന്നായി ഉയർന്നു. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ളാക്കാട്ടൂർ മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം (ജോബി - 50) ആണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്. സംഭവത്തിൽ മകൾ മരിയ തെരേസ (16), ഭാര്യ ജോസ്‌ന (42) എന്നിവർ നേരത്തെ മരണപ്പെട്ടിരുന്നു. ഗുരുതരാവസ്ഥയിലുള്ള ഇളയ മകൻ അലൻ (12) കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലാണ്. സാമ്പത്തിക ബാധ്യതയാണ് കുടുംബം ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയാണ് നാലുപേരെയും വീടിനുള്ളിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. ജോസ്‌നയുടെ സഹോദരൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. വീട് പൂട്ടിയ നിലയിലായിരുന്നതിനാൽ പിൻവാതിൽ ചവിട്ടിത്തുറന്നാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവസ്ഥലത്തുനിന്ന് കളനാശിനിയുടെ കുപ്പിയും കണ്ടെത്തിയിരുന്നു.
സംഭവദിവസം കുടുംബം അസ്വസ്ഥരായിരുന്നുവെന്നാണ് നാട്ടുകാരുടെ പ്രതികരണം. സാമ്പത്തിക പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങളെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജോസ്‌നയുടെ കൂരോപ്പട സർവീസ് സഹകരണ ബാങ്ക് മറ്റപ്പള്ളി ശാഖയിലെ ചിട്ടിയുടെ വിവരങ്ങളും ദമ്പതികളുടെ വ്യക്തിപരമായ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിച്ചു വരികയാണ്.