ഓർത്തഡോക്‌സ് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്തെത്തി കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ലക്ഷ്യം അസ്വാരസ്യങ്ങൾ പരിഹരിച്ച് സഭാനേതൃത്വത്തെ അനുനയിപ്പിക്കൽ

 
bava

കോട്ടയം: ഓർത്തഡോക്‌സ് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്തെത്തി കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. സഭയും സർക്കാരും തമ്മിൽ നിലനിൽക്കുന്ന വിഷയങ്ങളിൽ സഭാനേതൃത്വത്തെ അനുനയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി സന്ദർശനം നടത്തിയത്. 

യാക്കോബായ സഭയുമായുള്ള പള്ളിത്തർക്കങ്ങളിൽ രാവിലെയും കാതോലിക്കാ ബാവ സർക്കാരിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി നേരിട്ടെത്തി അനുനയ നീക്കം നടത്തിയത്.

കോട്ടയത്ത് വിവിധ പരിപാടികൾക്കായി എത്തിയ മുഖ്യമന്ത്രി, തലേന്ന് രാത്രിയിലാണ് ദേവലോകത്തെത്തി കാതോലിക്കാ ബാവയെ കാണാൻ തീരുമാനമെടുത്തത്. സഭാ ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രി കാതോലിക്കാ ബാവയ്ക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചു.

കൂത്താട്ടുകുളത്തിനടുത്തുള്ള ആട്ടിൻകുന്ന് പള്ളിയിലെ തർക്കവും മണർക്കാട് പള്ളിയിലേക്കുള്ള പാത്രിയാർക്കീസ് ബാവയുടെ സന്ദർശനവുമാണ് ഓർത്തഡോക്‌സ് സഭയും സർക്കാരും തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് പ്രധാന കാരണമായത്.

പാത്രിയാർക്കീസ് ബാവയുടെ മണർക്കാട് പള്ളി സന്ദർശനം 'സർക്കാർ സ്‌പോൺസർ ചെയ്ത നിയമലംഘനമാണെന്ന്' ഓർത്തഡോക്‌സ് സഭ നേരത്തെ ആരോപിച്ചിരുന്നു.

ഇത് സഭയ്ക്ക് ആഴത്തിലുള്ള മുറിവുണ്ടാക്കിയെന്നും, മുറിവേൽപ്പിച്ചവർ തന്നെ അത് ഉണക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സഭ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഈ വിയോജിപ്പുകൾ നിലനിൽക്കെയാണ് പ്രശ്‌നപരിഹാര ശ്രമങ്ങളുമായി മുഖ്യമന്ത്രി ദേവലോകത്തെത്തിയത്.

ഉച്ചഭക്ഷണത്തിനുശേഷം ഉച്ചയ്ക്ക് മൂന്നുമണിയോടെ മുഖ്യമന്ത്രി സഭാ ആസ്ഥാനത്തുനിന്ന് മടങ്ങും. തുടർന്ന് കോട്ടയം ജില്ലാ ലൈബ്രറിയുടെ പരിപാടിയിലും, വൈകുന്നേരം ആറുമണിയോടെ ചങ്ങനാശ്ശേരി പാറയിൽ പള്ളിയിലെ സാംസ്‌കാരിക സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.

Tags

Share this story

From Around the Web